| Wednesday, 26th April 2017, 2:12 pm

മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. മെയ് മൂന്നിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് സംബന്ധിച്ച് വനംവകുപ്പിനും ഇടുക്കി ജില്ലാ കളക്ടറിനും നോട്ടീസ് അയക്കുകയും ചെയ്തു.


Also read വോട്ടിങ് മെഷീനിലെ ക്രമക്കേട്: ആംആദ്മിയുടെ പരാതി ഉയരുന്നത് തോല്‍വിയ്ക്ക് ശേഷമല്ല; പല തവണ ആവര്‍ത്തിച്ച കാര്യങ്ങള്‍ 


വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവര്‍ക്കാണ് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സര്‍വ്വകക്ഷിയോഗം വരെ സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുമ്പോഴാണ് ഹരിത ട്രൈബ്യൂണല്‍ കേസ് എടുത്തിരിക്കുന്നത്.

അനധികൃത കയ്യേറ്റവും നിര്‍മ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വന്‍കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉയരുകയാണ്. കുന്നുകള്‍ ഇടുച്ചുനിരത്തിയും താഴ്നിലങ്ങള്‍ മണ്ണിട്ടു തൂര്‍ത്തും മൂന്നാറിനെ ഇല്ലാതാക്കുന്നത് മാതൃഭൂമി വാര്‍ത്തയില്‍നിന്നു വ്യക്തമാണെന്ന് സ്വമേധയാ കേസെടുക്കാനുള്ള കാരണങ്ങളായി ദേശീയ ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ മൂന്നാര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി മൂന്നാര്‍ അതീവ അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയവും നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more