| Wednesday, 3rd March 2021, 12:04 pm

ദേശീയ അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും; മികച്ച നടനാകാന്‍ പാര്‍ത്ഥിപന്‍, മലയാളത്തില്‍ നിന്ന് മരക്കാരും മറ്റു ചിത്രങ്ങളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ അവാര്‍ഡിനുള്ള തമിഴ്-മലയാളം മേഖല ജൂറിയുടെ നോമിനേഷനുകള്‍ സമര്‍പ്പിച്ചു. തമിഴ് നടന്‍ പാര്‍ത്ഥിപനാണ് മികച്ച നടനായി ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ശുപാര്‍ശ ചെയ്തത്. പാര്‍ത്ഥിപന്‍ സംവിധാനം രചനയും സംവിധാനവും നിര്‍വഹിച്ച ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഒത്ത സെരുപ്പിന് മറ്റ് അഞ്ച് വിഭാഗങ്ങളില്‍ കൂടി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ഏഴ് നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വാസന്തി, ലിജോ പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്, മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി 17 മലയാള ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മത്സരത്തിനുണ്ട്.

തമിഴില്‍ നിന്നും വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷും മഞ്ജു വാര്യരും അഭിനയിച്ച അസുരന്‍, മധുമിതയുടെ കറുപ്പുദുരൈ എന്നിവയടക്കം 12 ചിത്രങ്ങളും മത്സരത്തിനുണ്ട്.

അഞ്ച് മേഖലാ ജൂറികളാണ് ദേശീയ അവാര്‍ഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നത്. മലയാളത്തില്‍ നിന്നുള്ള 65 ചിത്രങ്ങളുള്‍പ്പെടെ 109 ചിത്രങ്ങളാണ് തമിഴ്-മലയാളം മേഖല ജൂറിക്ക് മുന്‍പിലെത്തിയത്.

മേഖല ജൂറികള്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍ ദേശീയ ജൂറി തീരുമാനമെടുക്കും. അതേസമയം മേഖല ജൂറി നിരസിച്ച ചിത്രങ്ങളെ തിരിച്ചുവിളിച്ച് പരിഗണിക്കാനുള്ള അധികാരം പ്രധാന ജൂറിക്കുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പട്ടികയിലില്ലാത്ത പല ചിത്രങ്ങളും ദേശീയ അവാര്‍ഡിന്റെ അവസാന പട്ടികയില്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: National Film Awards possibility list, Marakkyar, Jellikettu, Kumabalangi Nights, Asuran, Parthiban, Mohanlal

We use cookies to give you the best possible experience. Learn more