ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി ഒരു അവാര്‍ഡ് വിതരണം
National Award Controversy
ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി ഒരു അവാര്‍ഡ് വിതരണം
ജിതിന്‍ ടി പി
Thursday, 3rd May 2018, 7:24 pm

“ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും സിനിമയെ പ്രതിനിധീകരിക്കുന്ന കലാകാരന്‍മാരെന്ന നിലയില്‍ ഞങ്ങള്‍ എഴുതുന്നു. 65 ാം ദേശീയ ചലച്ചിത്ര അവാര്‍ഡിനായി ഞങ്ങളെ പരിഗണിച്ചത് ആദരവും ഞങ്ങളുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇന്ത്യന്‍ പ്രസിഡണ്ട് പുരസ്‌കാരം സമര്‍പ്പിക്കും എന്ന് രേഖാമൂലം നല്‍കിയ ക്ഷണമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഞങ്ങളുടെ സ്വപ്നത്തിനായി ചെയ്ത കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാണ് ഞങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഇവിടെയെത്തിയത്…”

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഭൂരിഭാഗം അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതറിഞ്ഞ് ശേഷം അഡീഷണല്‍ ഡയറക്ടര്‍ ജനറലായ ചൈതന്യ പ്രസാദിന് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ കത്തിന്റെ ആമുഖമാണിത്. ലോകസിനിമയ്ക്കുതന്നെ മാതൃകയായ ഇന്ത്യയിലെ പ്രദേശിക ഭാഷാചിത്രങ്ങള്‍ ഇത്തവണത്തെ അവാര്‍ഡില്‍ തിളങ്ങിനില്‍ക്കുന്നു എന്ന പ്രത്യേകതയിലാണ് 65 ാമത് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പ്രഖ്യാപിച്ചത്. കലാമൂല്യമുള്ള ജനപ്രിയ ചിത്രങ്ങളും അണിയറപ്രവര്‍ത്തകരും അവാര്‍ഡ് നേട്ടത്തില്‍ തിളങ്ങിനിന്നു.

 

എന്നാല്‍ അവാര്‍ഡ് ദാനത്തിന്റെ തൊട്ടുമുന്‍പുള്ള റിഹേഴ്‌സലിലാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാന്‍ ഭവനിലെ ചടങ്ങുകളില്‍ മാറ്റംവരുത്തി ഉത്തരവിറക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 11 പേര്‍ക്ക് മാത്രമെ പുരസ്‌കാരം സമര്‍പ്പിക്കൂ എന്നും ബാക്കിയുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് സമര്‍പ്പിക്കും എന്നുമായിരുന്നു ഉത്തരവ്. സാധാരണയായി രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകളില്‍ ഇത്തവണ മാറ്റം കൊണ്ടുവന്നുള്ള സര്‍ക്കാര്‍ നയത്തിനെതിരെ പുരസ്‌കാര ജേതാക്കള്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി.

ALSO READ: അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ചലച്ചിത്ര ലോകം, ചരിത്രമായി പുരസ്‌കാര ബഹിഷ്‌കരണം

അവാര്‍ഡ് ജേതാക്കളായ 68 കലാകാരന്‍മാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. മലയാളത്തില്‍ നിന്ന് ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍വതി, ഫഹദ് ഫാസില്‍, വി.സി അഭിലാഷ് തുടങ്ങിയവരെല്ലാം ചടങ്ങില്‍നിന്ന് വിട്ടുനിന്നു. ഇത്രയും കാലം തുടര്‍ന്നതുപോലെ എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമെന്നായിരുന്നു പുരസ്‌കാര ജേതാക്കളുടെ പ്രധാന ആവശ്യം.

സാധാരണനിലയില്‍ ഇന്ത്യയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.

അവാര്‍ഡ് വാങ്ങാനെത്തിയ എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും ലഭിച്ച ഔദ്യോഗിക കത്തില്‍ രാഷ്ട്രപതി ആണ് പുരസ്‌കാര വിതരണം നടത്തുന്നത് എന്നാണുള്ളത്. അതേസമയം പുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങിന്റെ റിഹേര്‍സല്‍ ക്യാംപില്‍ വച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും ബാക്കി അവാര്‍ഡുകള്‍ നല്‍കുക എന്ന പ്രഖ്യാപനം ഉണ്ടായത്.

ALSO READ: ഒരു ബി.ജെ.പി മന്ത്രിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങരുതെന്ന നിലപാടില്‍ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുന്നു: അനീസ് കെ. മാപ്പിള

ഇതോടെയാണ് ചടങ്ങിനെത്തിയ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് സ്മൃതി ഇറാനി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ എത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകാതിരുന്നതോടെ പുരസ്‌കാരജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

 

അവാര്‍ഡ് ജേതാക്കളായ പകുതിയോളം കലാകാരന്‍മാരും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേര്‍ പരിപാടി ബഹിഷ്‌കരിച്ചു. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് അവാര്‍ഡ് ദാനം നടന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍തന്നെ പതിവില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് വിജ്ഞാന്‍ ഭവന്‍ ഇന്ന് വേദിയായത്.

പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡ് ജേതാക്കള്‍ മെമ്മോറാണ്ടം ഒപ്പിട്ടുനല്‍കിയിരുന്നു. യേശുദാസ് അടക്കമുള്ള അവാര്‍ഡ് ജേതാക്കള്‍ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടിരുന്നു. സര്‍ക്കാരിനെതിരെയല്ല ഭാവി തലമുറയ്ക്കുവേണ്ടിയാണ് പ്രതിഷേധമെന്നും പുരസ്‌കാരജേതാക്കള്‍ പറഞ്ഞു.

രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനായി എത്തിയവരെ അവഹേളിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

“കലാകാരന്‍മാരെ അപമാനിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ ഇതിനെതിരെ ഞങ്ങള്‍ രംഗത്തെത്തിയിരുന്നു. പരിപാടി ബഹിഷ്‌ക്കരിക്കുമെന്ന് പറഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞത് ഇന്നലെ വൈകീട്ടോടെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത് എന്നാണ്. അങ്ങനെയെങ്കില്‍ ഇന്നലെ രാത്രിയോടെ എത്തിയ ഗസ്റ്റിനും രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്താണ് കൊടുത്തത്.”

ഇത് ചതിയാണ്. ഞങ്ങള്‍ പ്രസിഡന്റിനും മന്ത്രിക്കും മെയില്‍ അയച്ചിട്ടുണ്ട്. പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എന്റെ മകനാണ് പുരസ്‌കാരം ലഭിച്ചത്. എന്റെ മകനെ ഒരു രാജ്യം ആദരിക്കുന്നത് കാണാനാണ് ഞാന്‍ വന്നത്. എന്നെപ്പോലെ ഓരോരുത്തരുടേയും സഹോദരിമാരും സഹോദരന്‍മാരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ ഒരു രാജ്യം ആദരിക്കുന്നത് കാണാനാണ് വന്നിരിക്കുന്നത്. പ്രസിഡന്റിന്റെ കയ്യില്‍ നിന്നും ആകെ കിട്ടുന്ന ഒരേ ഒരു പുരസ്‌കാരമാണ് ഇത്. അത് പോലും ഇനിമുതല്‍ ഇല്ല എന്ന് പറയുന്നത് കലാകാരനോട് കാണിക്കുന്ന അവഹേളനമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മി

11 പേര്‍ക്ക് മാത്രമെ രാഷ്ട്രപതി അവാര്‍ഡ് നല്‍കൂ എന്ന തീരുമാനം പരിഹാസ്യമാണെന്നായിരുന്നു സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചത്. ദേശീയ അവാര്‍ഡ് പുരസ്‌കാരത്തെയും അതിന്റെ സത്യസന്ധതയേയും ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കമാണിതെന്നും ബിജു പറഞ്ഞു. “എന്തിനാണ് ഇത്തരമൊരു നീക്കം. ഇന്ത്യന്‍ രാഷ്ട്രപതി നല്‍കിപ്പോന്നിരുന്ന ഒരു പുരസ്‌കാരം എങ്ങനെയാണ് സ്മൃതി ഇറാനിക്ക് നല്‍കാന്‍ കഴിയുക. കഴിഞ്ഞ 64 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇത് തന്നെയാണ് ഈ അവാര്‍ഡിന്റെ പ്രധാന പ്രത്യേകതയും.”

ALSO READ: ‘റാപ്പ് സോങ്ങുമായി ഗാന്ധിയും അംബേദ്കറും’; ആഭാസത്തിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ഒരു സാധാരണ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങരുതെന്നും ബിജു സഹപ്രവര്‍ത്തകരോടായി പറഞ്ഞു. “സ്മൃതി ഇറാനി ഇതൊരു ദേശീയ നാണക്കേടാണ്. നിങ്ങള്‍ക്ക് കലയെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യയുടെ അഭിമാനത്തെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും ഒന്നും അറിയില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല. മുന്‍മന്ത്രിമാര്‍ എല്ലാവരും ചെയ്തതുപോലെ പുരസ്‌കാരം നല്‍കാന്‍ രാഷ്ട്രപതിയെ അനുവദിക്കുക. അല്ലാത്തപക്ഷം പുരസ്‌കാരം പോസ്റ്റല്‍ വഴിയോ കൊറിയര്‍ വഴിയോ താങ്കള്‍ക്ക് അയക്കേണ്ടതായും വരും.” ഡോ. ബിജു പറയുന്നു.

ഡോ. ബിജു

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കുമെന്നത് ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനമാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവ് വി.സി അഭിലാഷ് പ്രതികരിച്ചു.

രാജ്യത്തിന്റെ പ്രഥമ പൗരന്റെ അടുക്കല്‍ നിന്ന് പുരസ്‌ക്കാരം ലഭിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും ഈ പ്രതിഷേധം ഇനിയുള്ള പുരസ്‌ക്കാര ജേതാക്കള്‍ക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അവാര്‍ഡ് സ്വീകരിക്കുമെന്ന യേശുദാസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

വി.സി അഭിലാഷ്

ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യേശുദാസും ജയരാജും വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ” അതിപ്പോള്‍ എന്താ പറയുക? എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടാകുമല്ലോ ചതിയും വഞ്ചനയും ഉണ്ടാകും. മറ്റെന്താണ് പറയുക” എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. -ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പരിപാടി ബഹിഷ്‌ക്കരിക്കുന്നതിനെ കുറിച്ച് അറിഞ്ഞില്ലെന്നാണല്ലോ യേശുദാസ് പറഞ്ഞത് എന്ന ചോദ്യത്തിന് പരിപാടി ബഹിഷ്‌കരിക്കുമെന്ന് കൃത്യമായി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നെന്നും ഭാഗ്യലക്ഷ്മി മറുപടി നല്‍കി.

ALSO READ: ഡി.വൈ.എഫ്.ഐയുടെ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് കേന്ദ്രസേന; കേന്ദ്രത്തില്‍ പരാതിപ്പെടുമെന്ന് ബി.ജെ.പി

പരിപാടി ബഹിഷ്‌ക്കരിക്കുകയാണെന്ന് എഴുതിയ കത്ത് ദാസേട്ടനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കത്തില്‍ we are not attending the function എന്ന് കൃത്യമായി എഴുതിയിരുന്നു. -ഭാഗ്യലക്ഷ്മി പറയുന്നു.

ജയരാജിന്റെയും യേശുദാസിന്റെയും നിലപാടിനെതിരെ സംവിധായകന്‍ സിബി മലയിലും രംഗത്തെത്തി. ഇരുവരെയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്നായിരുന്നു സിബിയുടെ പ്രതികരണം. മികച്ച നടനുള്ള അവാര്‍ഡ് നേടിയ റിഥി സെനും സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും മുന്‍പെങ്ങും സംഭവിച്ചിട്ടില്ലാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അവസാനനിമിഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം അറിയിച്ചത്. എന്നാല്‍ ആര് അവാര്‍ഡ് നല്‍കുന്നു എന്നതിലല്ല കാര്യമെന്നും റിഥി സെന്‍ പറഞ്ഞു.

അവാര്‍ഡ് ബഹിഷ്‌കരിക്കില്ലെന്നും ചടങ്ങാണ് ബഹിഷ്‌കരിച്ചതെന്നും നടി പാര്‍വതി പ്രതികരിച്ചു.

അതേസമയം ഭരണഘടനാപരമായ പരിപാടിയല്ല ഇതെന്നും അതുകൊണ്ട് രാഷ്ട്രപതിക്ക് ഏറെ നേരം പങ്കെടുക്കാന്‍ പറ്റില്ലെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇത് പൂര്‍ണമായും പ്രോട്ടോകോള്‍ പ്രശ്നമാണെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.