| Thursday, 3rd May 2018, 6:05 pm

അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ചലച്ചിത്ര ലോകം, ചരിത്രമായി പുരസ്‌കാര ബഹിഷ്‌കരണം

ശ്രീജിത്ത് ദിവാകരന്‍

ദല്‍ഹിയില്‍ നിന്ന് ഡൂള്‍ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

അറുപത്തിയഞ്ചുവര്‍ഷത്തെ ചരിത്രം അട്ടിമറിക്കാന്‍ മന്ത്രിയുടെ ഒരു നിമിഷത്തെ തീരുമാനത്തിന് കഴിമോ? രാജ്യത്തിന്റെ അഭിമാനമായി രാജ്യം തന്നെ തിരഞ്ഞെടുത്ത ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധത്തിന് ഒരു വിലയുമില്ലയോ? ആദ്യത്തെ ചോദ്യത്തിന് മതിയെന്നും രണ്ടാമത്തെ ചോദ്യത്തിന് ഇല്ലയെന്നുമാണ് ഇന്ത്യന്‍ ഭരണകൂടം പറയുന്ന മറുപടി.

ഇന്ത്യയിലെ നൂറ്റിയിരുപത് കോടി ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കലാവിഷ്‌കാരമാണ് സിനിമ. ആ നൂറ്റിയിരുപത് കോടി ജനങ്ങളില്‍ നിന്ന് ഇന്ത്യയുടെ അഭിമാനമായുള്ള നൂറോളം പേര്‍. ചലച്ചിത്ര പുരസ്‌കാരം ലഭിച്ചവരില്‍ ഉച്ചനീചത്വങ്ങള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ അതില്‍ ഭൂരിഭാഗവും ഒരുമിച്ച് നിന്നു. കലയുടെ രാഷ്ട്രീയമെന്നത് അനീതികളോട് ചെറുത്തുനില്‍ക്കുക എന്നാണെന്ന് പ്രഖ്യാപിക്കുവാന്‍ കൊമേഴ്സല്‍-ആര്‍ട്ട് ഹൗസ് വിവേചനമൊന്നും പുരസ്‌കാര ജേതാക്കള്‍ക്കിടയിലുണ്ടായിരുന്നില്ല. ആദ്യത്തെ സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരം ലഭിച്ച ചെറുപ്പക്കാര്‍ക്കോ അവര്‍ക്കൊപ്പം പല ദേശത്തുനിന്നും പുരസ്‌കാര ചടങ്ങ് വീക്ഷിക്കാനെത്തിയ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സംശയം പോലുമുണ്ടായിരുന്നില്ല.

നാടകീയവും സംഭവബഹുലമായ നീക്കങ്ങളായിരുന്നു ഇന്നലെ വൈകീട്ട് മുതല്‍ ഡല്‍ഹിയിലരങ്ങേറിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന പുരസ്‌കാര ദാന പരിപാടിയുടെ പ്രൊട്ടോക്കോള്‍ അനുസരിച്ച് ഇന്നലെ വൈകീട്ട് പുരസ്‌കാര വിതരണത്തിന്റെ റിഹേഴ്സല്‍ സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരമടക്കം ഏതാനും പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളുവെന്നും ബാക്കി പുരസ്‌കാരങ്ങള്‍ വാര്‍ത്താവിതരണ മന്ത്രിയാകും നല്‍കുക എന്നും ജേതാക്കളെ അറിയിച്ചത്.

പുരസ്‌കാര ജേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തു. മന്ത്രി സ്മൃതി ഇറാനി നേരിട്ടെത്തി. രാഷ്ട്രപതിക്ക് സമയം ഉണ്ടാകില്ല, വേണമെങ്കില്‍ അവാര്‍ഡ് കിട്ടിയ എല്ലാവരും രാഷ്ട്രപതിയും ചേര്‍ന്ന് ഫോട്ടോ എടുക്കാം എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച നടി ശ്രീദേവിക്ക് വേണ്ടി ഏറ്റുവാങ്ങാന്‍ എത്തിയ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂര്‍ വിനയപൂര്‍വ്വം സ്മൃതി ഇറാനിയോട് ചോദിച്ചു: മാഡം ബഹുമാനത്തോടെ തന്നെ ചോദിക്കട്ടെ, ഇത് ഇന്നുവരെയുള്ള കീഴ്വഴക്കങ്ങളുടെ ലംഘനമല്ലേ?

പുരസ്‌കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെതായിരുന്നു പിന്നെത്തെ ഊഴം. അദ്ദേഹവും സ്മൃതി ഇറാനിയുമായും ഐ ആന്‍ഡ് ബി മന്ത്രാലയ ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു. പുരസ്‌കാരജേതാക്കള്‍ക്കെല്ലാം താമസം ഡല്‍ഹിയിലെ പ്രശസ്തമായ അശോക ഹോട്ടലില്‍ ആയിരുന്നത് കൊണ്ടുതന്നെ എല്ലാവര്‍ക്കും പരസ്പരം ബന്ധപ്പെടാനായി. ഇന്ന് രാവിലെ മുതല്‍ പുരസ്‌കാരജേതാക്കള്‍ അനൗപചാരികമായി പരസ്പരം കണ്ട് സംസാരിച്ചു. അതിന്റെ ഭാഗമായി എല്ലാവരും കൂടി ഒപ്പിട്ട് നിവേദനം നല്‍കാമെന്ന് തീരുമാനിച്ചു.

ഏകദേശം 85 പേര്‍ ഈ നിവേദനത്തില്‍ ഒപ്പിട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജ് നിവേദനത്തില്‍ ഒപ്പിടാന്‍ ആദ്യം തയ്യാറായില്ല. യേശുദാസ് ഒപ്പിട്ടാല്‍ ഒപ്പിടാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യേശുദാസ് ഒപ്പിടുകയും ജയരാജിനോട് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ രാഷ്ട്രപതി തന്നെ പുരസ്‌കാരം നല്‍കണമെന്ന ജേതാക്കളുടെ നിവേദനത്തില്‍ അദ്ദേഹവും ഭാഗവാക്കായി.

ഉച്ചയോടെ വീണ്ടും സ്മൃതി ഇറാനിയുമായി ശേഖര്‍ കപൂര്‍ ചര്‍ച്ച നടത്തിയെങ്കിലും യാതൊരു കാര്യവുമുണ്ടായില്ല. മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച ഫഹദ് ഫാസില്‍, മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശത്തിനര്‍ഹയായ പാര്‍വ്വതി, മികച്ച മലയാള സിനിമയുടെ സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ഡോക്യുമെന്ററി സംവിധായകന്‍ അനീസ് മാപ്പിള, മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ സിനിമാറ്റോഗ്രാഫര്‍ അപ്പുപ്രഭാകര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സൗണ്ട് ഡിസൈനര്‍ സനല്‍ ജോര്‍ജ്ജ് തുടങ്ങി മലയാളികളായ പുരസ്‌കാരജേതാക്കള്‍ മിക്കവരും നിലപാടിയില്‍ ഉറച്ചു നിന്നു. മിക്കവര്‍ക്കുമൊപ്പം കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും ഒരു മന്ത്രിയുടെ കയ്യില്‍ നിന്നല്ല, രാജ്യത്തിന്റെ രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നാണ് ദേശീയ പുരസ്‌കാരം വാങ്ങേണ്ടതെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും അവര്‍ക്കുണ്ടായിരുന്നില്ല.

അശോക ഹോട്ടലിന്റെ ലോബിയില്‍ ചര്‍ച്ച തര്‍ക്കുമ്പോള്‍ മലയാളികളടക്കുമുള്ള ജേതാക്കള്‍ പലരും മുറിയില്‍ കുടുംബത്തോടൊപ്പം തിരിച്ചുപോക്കിന്റെ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു. ലക്ഷദ്വീപില്‍ നടക്കുന്ന, ഗീതുമോഹന്‍ദാസ് സിനിമയായ “മൂത്തോന്‍”-ന്റെ സെറ്റിലെത്താനുള്ള തിരക്കിലായി ദിലീഷ് പോത്തന്‍. പാര്‍വ്വതിക്ക് തിരുവനന്തപുരത്തെത്തണം. ഫഹദിന് അമല്‍നീരദ് സിനിമയുടെ സെറ്റിലെത്തണം. പുരസ്‌കാരം വാങ്ങേണ്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം പോലുമില്ല. പാര്‍വ്വതി സൂചിപ്പിച്ചത് പോലെ പ്രൊട്ടോക്കോള്‍ ലംഘിച്ചത് സര്‍ക്കാരാണ്. അത് നിലനിര്‍ത്താനും രാജ്യത്തിന്റെ അഭിമാനം സൂക്ഷിക്കാനുമാണ് പുരസ്‌കാര ജേതാക്കള്‍ ആവശ്യപ്പെട്ടത്.

64 വര്‍ഷമായി രാജ്യം പിന്തുടര്‍ന്ന് പോരുന്ന ഒരു രീതി മുന്‍കൂറായി ഒരു ചര്‍ച്ചയില്ലാതെ മാറ്റുക എന്നതാണ് മന്ത്രിയും സംഘവും ആവശ്യപ്പെടുന്നതാണ് പുരസ്‌കാരം ബഹിഷ്‌കരിച്ചവര്‍ ഒന്നടങ്കം പറഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തിപരമായി ആരെയും വിളിക്കുകയും സാഹചര്യം വിശദീകരിക്കുകയോ ചെയ്തുമില്ല.

4.00 മണിയോടെ കാര്യങ്ങള്‍ക്ക് വ്യക്തതയായി. പുരസ്‌കാരം സ്വീകരിക്കുന്നവര്‍ ലോബിയിലേയ്ക്ക് വരണമെന്നും വാഹനം പുറപ്പെടുകയാണെന്നും ജേതാക്കള്‍ താമസിക്കുന്ന മുറിയിലേയ്ക്ക് സന്ദേശമെത്തി. കൂട്ടായി തീരുമാനിക്കുന്നത് പോലെയേ പ്രവര്‍ത്തിക്കാനാകുയെന്ന് മിക്കവരും മറുപടി നല്‍കി. നേരത്തേ രാഷ്ട്രപതി തന്നെ പുരസ്‌കാരം നല്‍കണമെന്ന നിവേദനത്തില്‍ ഒപ്പിട്ട യേശുദാസും ജയരാജും പുരസ്‌കാരം വാങ്ങാനുള്ള വാഹനത്തില്‍ കയറി. എല്ലാവരും രാഷ്ട്രീയശരിക്ക് വേണ്ടി നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന സമാധാനത്തോടെ ദേശീയപുരസ്‌കാരത്തേക്കാള്‍ എത്രയോ വലുതാണ് രാഷ്ട്രീയനിലപാടുകള്‍ എന്ന വികാരം ഉയര്‍ത്തിപ്പിടിച്ച് 66 പേര്‍ ഇന്ത്യയുടെ അഭിമാനമായി.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more