ദേശീയ ഫെഡറേഷന്‍ വോളിബോള്‍; ഇരു കിരീടവും ചൂടി കേരളം
DSport
ദേശീയ ഫെഡറേഷന്‍ വോളിബോള്‍; ഇരു കിരീടവും ചൂടി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2013, 12:45 pm

പത്തനംതിട്ട: ദേശീയ ഫെഡറേഷന്‍ കപ്പ് വോളിബോള്‍ മത്സരത്തില്‍ രണ്ടു  കിരീടവും  കേരളത്തിന് . പെണ്‍കുട്ടികളുടെയും പുരുഷ വിഭാഗത്തിന്റെയും  മത്സരങ്ങളില്‍ ഇരു കപ്പുകളും നേടിയാണ് കേരളം മത്സരം അവസാനിപ്പിച്ചത്.[]

പത്തനം തിട്ടയിലെ മൈതാനത്ത് നടന്ന  ടൂര്‍ണമെന്റില്‍ ആദ്യവസാനം വരെ പൊരുതി കയറിയ കേരളത്തിനെ ഫൈനലില്‍ തളയ്ക്കാന്‍ ആന്ധ്രയും തമിഴ് നാടും ഏറെ പാടുപ്പെട്ടെങ്കിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടുമായും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്ധ്രയെയുമാണ്  ഫൈനലില്‍ നേരിട്ടത്.

കേരളം പുരുഷവിഭാഗം വോളിയില്‍ തമിഴ്‌നാടിനെ 22-25, 25-18,27-25, 25-22നാണ് തോല്പിച്ചത്. ദേശീയ ചാമ്പ്യന്‍മാരായ കേരളത്തിന് ഇതാദ്യമായാണ് ഫെഡറേഷന്‍ കപ്പും ഒരേ വര്‍ഷം കിട്ടുന്നത്.

വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ സ്‌കോര്‍ നില 25-11,25-5,25-10 എന്നിങ്ങനെയാണ്. വനിതാവിഭാഗത്തില്‍  മികച്ച താരം കേരളത്തിന്റെ ബിജിനയും പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ തന്നെ  ടോം ജോസഫുമാണ് .

പുരുഷ വിഭാഗം മത്സരത്തില്‍ ആദ്യ സെറ്റില്‍ തമിഴ്‌നാടിന്റെ ജോണ്‍ ക്രിസ്റ്റഫര്‍ക്കു മുമ്പില്‍ അടി പതറിയ കേരളം പിന്നീട് നടത്തിയ കനത്ത പോരാട്ടത്തില്‍ തുടര്‍ച്ചയായ മൂന്ന് സെറ്റ് നേടിയാണ് കിരീടം ചൂടിയത്. പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആദ്യാവസാനം മേല്‍കോയ്മ നിലനിര്‍ത്തിയാണ് കേരളം മുന്നേറിയത്.

കൊച്ചിയുടെ മൈതാനത്ത് നിന്നു പിടികൂടിയ പരാജയഭീതി പത്തനംതിട്ടയിലെ മൈതാനത്ത് പോരാട്ട വീര്യമായി മാറുന്നതാണ് കേരളം ആസ്വാദകര്‍ക്കു മുമ്പില്‍ കാഴ്ച വെച്ചത്.