| Monday, 24th June 2024, 9:09 pm

പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് പകരം നീറ്റ് ക്രമക്കേടിനെക്കുറിച്ച് സംസാരിക്കണമായിരുന്നു: പ്രധാനമന്ത്രിക്കെതിരെ ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് പകരം പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് നീറ്റ് വിഷയത്തിലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതികരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങളോടും ആശങ്കകളോടുമുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പ്രതിപക്ഷത്തെ ആക്രമിക്കുക എന്നത് പ്രധാനമന്ത്രിയുടെ അവകാശമാണ്. എന്നാല്‍ അത് സമീപകാല തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വിനയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. നീറ്റ് വിഷയത്തില്‍ യുവാക്കള്‍ക്കായി കുറച്ച് വാക്കുകള്‍ മാറ്റിവെക്കുന്നത് നന്നായിരിക്കും. നിലവില്‍ പ്രധാനപ്പെട്ട വിഷയം നീറ്റ് പരീക്ഷയിലെ ക്രമക്കേടാണ്,’ എന്ന് ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു.

സത്യപ്രതിജ്ഞ ചെയ്ത എല്ലാ പാര്‍ലമെന്റ് അംഗങ്ങളെയും ഒമര്‍ അബ്ദുള്ള അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് വേദനയോടെയാണ് നോക്കിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്ത് നിന്ന് ജനങ്ങള്‍ നല്ല മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഇതുവരെ വോട്ടര്‍മാര്‍ നിരാശാജനകമാണെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

പാര്‍ലമെന്റംഗങ്ങള്‍ പാര്‍ട്ടി പരിധിക്കപ്പുറം ഉയര്‍ന്ന് നീറ്റ് വിഷയം സഭയില്‍ ചര്‍ച്ചയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയും പറഞ്ഞു. ഓരോ പാര്‍ലമെന്റേറിയനും പാര്‍ട്ടിക്ക് അതീതമായി ഉയരുമെന്നും ഭാവി ഇരുളടഞ്ഞിരിക്കുന്ന രാജ്യത്തെ യുവതലമുറയ്ക്കായി എം.പിമാര്‍ ശബ്ദം ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നുവെന്നാണ് മെഹബൂബ മുഫ്തി പറഞ്ഞത്.

Content Highlight: National Conference leader Omar Abdullah criticized Prime Minister Narendra Modi

  
We use cookies to give you the best possible experience. Learn more