ഞങ്ങള്‍ പോരാടും, ഞങ്ങള്‍ കോടതിയില്‍ പോകും; ഫറൂഖ് അബ്ദുള്ള
Kashmir Turmoil
ഞങ്ങള്‍ പോരാടും, ഞങ്ങള്‍ കോടതിയില്‍ പോകും; ഫറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 10:41 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള. തങ്ങള്‍ പോരാടുമെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

എന്നാണോ വാതിലുകള്‍ തുറന്ന് കിട്ടുക. അപ്പോള്‍ ഞങ്ങളുടെ ജനങ്ങള്‍ പുറത്തിറങ്ങും. ഞങ്ങള്‍ പോരാടും. ഞങ്ങള്‍ കോടതിയില്‍ പോകും. ഞങ്ങള്‍ തോക്കേന്തുന്നവരല്ല. ഞങ്ങള്‍ ഗ്രനേഡ് കൊണ്ട് നടക്കുന്നവരല്ല. കല്ലെറിയുന്നവരല്ല. ഞങ്ങള്‍ സമാധാനപരമായി പ്രശ്‌നങ്ങളെ പരിഹരിക്കാം എന്നതില്‍ വിശ്വസിക്കുന്നവരാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

അവര്‍ക്ക് ഞങ്ങളെ കൊല്ലണം.ഞങ്ങള്‍ തയ്യാറാണ്. എന്റെ നെഞ്ച് ശരിയാണ്. വെടിവെക്കൂ, എന്റെ പുറകിലല്ല വെടിവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സ്വതന്ത്രനാണെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ അദ്ദേഹം തള്ളി.

ഞാന്‍ സ്വതന്ത്രനാണെന്നും എന്റെ ഇഷ്ടത്തിനനുസരിച്ചാണ് വീട്ടിനകത്ത് കഴിയുന്നതെന്നുമാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി പറഞ്ഞത്. എങ്ങനെയാണ് ഇങ്ങനെ നുണ പറയാന്‍ കഴിയുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. എന്റെ വീടിന് പുറത്ത് ഡി.എസ്.പി പുറത്ത് നില്‍ക്കുകയും ഒരാളെയും അകത്തേക്കോ പുറത്തേക്കോ വിടുന്നില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.