കുട്ടികള്‍ മോദിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു; പ്രിയങ്കയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്
D' Election 2019
കുട്ടികള്‍ മോദിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു; പ്രിയങ്കയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 8:46 pm

ന്യൂദല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഒരുകൂട്ടം കുട്ടികള്‍ മോദിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നാരോപിച്ച്
ബാലാവകാശ കമ്മീഷന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ഇതേ സംഭവത്തില്‍ നേരത്തെ ബാലാവകാശകമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കില്‍ നിന്നു കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നതു കാണാമെന്നും ബാലാവകാശ കമ്മീഷന്‍ കത്തില്‍ പറയുന്നുണ്ട്. കുട്ടികള്‍ അപമാനകരവും അസഭ്യം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്കെതിരേ നടത്തുന്നതു കാണാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തില്ലെന്നുള്ള കാര്യം ഉറപ്പുവരുത്തണമെന്ന് 2017 ജനുവരി 20-ന് തെരഞ്ഞെടുപ്പ് കമ്മീഷനോടു ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയപാര്‍ട്ടികള്‍ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാന്‍ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണമെന്നും അന്നാവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ അയച്ച കത്തിലും പറയുന്നുണ്ട്.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രിയങ്ക പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്നര്‍ഥം വരുന്ന ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നെലെയാണു കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്നു പ്രിയങ്ക വിലക്കുന്നതും വീഡിയോയില്‍ കാണാം.