| Tuesday, 13th September 2022, 11:53 pm

'കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചു'; രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി കേന്ദ്ര ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരെ പരാതിയുമായി കേന്ദ്ര ബാലാവകാശ കമ്മീഷന്‍. ഭാരത് ജോഡോ യാത്രക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഭാരത് ജോഡോ യാത്രക്കിടയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി. കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിന്നിലെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, വെറുപ്പ് കൊണ്ട് ബി.ജെ.പി പരിഭ്രാന്തരാകുന്നുവെന്നും, ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റോഡുകളുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെയും രാഹുല്‍ വിമര്‍ശനമുയര്‍ത്തി. വളവും തിരുവും ഏറെയുള്ള റോഡുകളുടെ ഡിസൈനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിവസമാണ് ഇന്ന് കേരളത്തില്‍ പര്യടനം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച പര്യടനം കല്ലമ്പലത്താണ് സമാപിച്ചത്. സെപ്തംബര്‍ ഏഴിന് ആരംഭിച്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. പതിനെട്ട് ദിവസമാണ് കേരളത്തില്‍ പദയാത്ര ഉണ്ടാവുക. പര്യടനം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം കൊണ്ട് 35,00 കിലോമീറ്റര്‍ ആണ് പിന്നിടുക.

അതേസമയം, കാക്കി നിക്കര്‍ കത്തുന്ന പോസ്റ്റര്‍ കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വിവാദമാക്കിയിരിക്കകയാണ് ബി.ജെ.പി. രൂക്ഷമായ വിമര്‍ശനം നടത്തി ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ആര്‍.എസ്.എസും രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് കാവി നിക്കര്‍ കത്തുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രയിലൂടെ ആര്‍.എസ്.എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പോസ്റ്റില്‍ കുറിച്ചത്. പടിപടിയായി തങ്ങളുടെ ലക്ഷ്യത്തിലെത്തുമെന്നും ആര്‍.എസ്.എസ് യൂണിഫോമായി കാവി നിക്കര്‍ കത്തുന്ന ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘142 ദിവസം കൂടിയുണ്ട്, വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപിയും ആര്‍എസ്എസും രാജ്യത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനും. പടിപടിയായി ആ ലക്ഷ്യത്തിലേക്കെത്തും’, എന്നാണ് പോസ്റ്റില്‍ പറയുന്നത്.

Content Highlight: National Commission for Protection of Child Rights filed a complaint against Rahul Gandhi And Congress party for Involving Children In Political Propaganda

We use cookies to give you the best possible experience. Learn more