മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം അവകാശലംഘനം: അബ്ദു സമദ് പൂക്കോട്ടൂര്‍
Kerala News
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം അവകാശലംഘനം: അബ്ദു സമദ് പൂക്കോട്ടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2024, 4:26 pm

മലപ്പുറം: മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച് സമസ്ത നേതാവ് അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍. മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം അവകാശ ലംഘനമാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

അതേസമയം നിലവിലെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ലെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. കേരളത്തില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ലെന്നും മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധി മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഉത്തരേന്ത്യയിലെ കുട്ടികളെയും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം വെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ബാലാവകാശ കമ്മീഷന്‍ കത്തയച്ചിരുന്നു.

സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കുന്ന മദ്രസകളും ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നതായും മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തില് ചൂണ്ടിക്കാണിക്കുന്നുണ്ട്.

മദ്രസാ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെന്നും ബാലാവകാശ കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.

2009ല ആര്‍.ടി.ഇ നിയമപ്രകാരം സ്‌കൂളുകളില്‍ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കേവലം ഒരു ബോര്‍ഡ് രൂപീകരിച്ചത് കൊണ്ട് മാത്രം മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നില്ലെന്നും ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ആര്‍.ടി.ഇ നിയമപ്രകാരം മുസ്‌ലിം ഇതര കുട്ടികള്‍ മദ്രസകളില്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെ മറ്റ് സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കാനും കത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Content Highlight: National Child Rights Commission’s recommendation not to fund madrasas is a violation of rights: Abdu Samad Pookotoor