ന്യൂദല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാരങ്ങളില്‍ മലയാളിത്തിളക്കം. മികച്ച സംവിധായകനും സഹനടനും ഗായകനുമടക്കം നിരവധി പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച സംവിധായകനായി ജയരാജിനെയും സഹനടനായി ഫഹദ് ഫാസിലും തെരഞ്ഞെടുക്കപ്പെട്ടു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്.
മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡിന് ഇന്ദ്രന്‍സിനെ പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനായിരുന്നു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. ഗോവ ചലചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വ്വതിക്ക് ലഭിച്ചിരുന്നു. മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസിന് ലഭിച്ചു. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ “പോയ് മറഞ്ഞു കാലം” എന്ന ഗാനത്തിനാണ് പുരസ്‌കാരം.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം മലയാളിയായ അനീസ്. കെ മാപ്പിള സംവിധാനം ചെയ്ത “സ്ലേവ് ജെനസിസ്” ( Slave Genesis) നേടി.
കോഴിക്കോട് സ്വദേശി അപ്പു പ്രഭാകരനാണ് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മികച്ച സിനിമറ്റോഗ്രഫര്‍ പുരസ്‌കാരം നേടിയത്.
മലയാളത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍
മികച്ച തിരക്കഥ: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)
മികച്ച ഛായാഗ്രഹണം: നിഖില്‍ പ്രവീണ്‍ (ഭയാനകം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജന്‍ (ടേക്ഓഫ്)
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം
മികച്ച മലയാള ചിത്രം: തൊണ്ടി മുതലും ദൃക്‌സാക്ഷിയും
മികച്ച ഗായകന്‍- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)
നടി: പാര്‍വതി (ടേക്ഓഫ്)