| Thursday, 28th July 2022, 8:07 pm

ഫൈറ്റ് സീന്‍ ചെയ്യാന്‍ പ്രണവിന് ഒരു മടിയുമില്ല, ചെയ്യാന്‍ പറയുന്നതിന്റെ ഇരട്ടി ചെയ്തിട്ടുപോകും: മാഫിയ ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പല സംഘട്ടന രംഗങ്ങളും കൊറിയോഗ്രഫി ചെയ്തത് മാഫിയ ശശിയാണ്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അയ്യപ്പനും കോശിയിലെ സംഘട്ടനം കൊറിയോഗ്രഫി ചെയ്തതിന് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി സിനിമ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റണ്ട് മാസ്റ്ററാണ് മാഫിയ ശശി. നിരവധി താരങ്ങള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇതാ പ്രണവ് മോഹന്‍ലാലുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാഫിയ ശശി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലാണ് മാഫിയ ശശി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തത്. ചിത്രത്തിലെ പ്രണവിന്റെ ഫൈറ്റ് സീനുകള്‍ക്ക് നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ആദിയിലെ പ്രണവിന്റെ ഫൈറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫൈറ്റ് സീന്‍ ചെയ്യാന്‍ പ്രണവിന് ഒരു മടിയുമില്ലെന്നും ചെയ്യാന്‍ പറയുന്നതിന്റെ ഇരട്ടി ചെയ്തിട്ടുപോകുമെന്നുമാണ് മാഫിയ ശശി പ്രണവിനെ കുറിച്ച് പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫൈറ്റ് സീന്‍ ചെയ്യാന്‍ പ്രണവിന് ഒരു മടിയുമില്ല. ചെയ്യാന്‍ പറയുന്നതിന്റെ ഇരട്ടി ചെയ്തിട്ടുപോകും. ജിത്തു സാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഞാനും കുറച്ച് ഭാഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരുന്നു. ഒരു റൂമിന്റെ ഉള്ളില്‍ കയറൊക്കെ കെട്ടിയിട്ട് അദ്ദേഹം ചുമരില്‍ നില്‍ക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു, ഒരുപാട് നേരം പ്രണവ് അതേപോലെ നിന്നു.

അടിയിലൂടെ ആളുകള്‍ പോവുമ്പോള്‍ കാണാത്ത രീതിയിലായിരുന്നു അദ്ദേഹം നില്‍ക്കുന്നത്. ഒരു പല്ലിയൊക്കെ നില്‍ക്കുന്നത് പോലെ പ്രണവ് അത് കൂളായി ചെയ്തു. അത്രക്കും കഴിവ് അദ്ദേഹത്തിനുണ്ട്. അത് പഠിച്ചിട്ട് വന്നതാണോ എന്നൊന്നും എനിക്ക് അറിയില്ല. അദ്ദേഹത്തിന്റെ ബോഡിയുടെ പ്രത്യേകത കൂടിയായിരിക്കണമത്. പിന്നെ ലാലേട്ടന്റെ മകനല്ലേ…( ചിരിക്കുന്നു ),’ മാഫിയ ശശി പറഞ്ഞു.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലെ സംഘട്ടനത്തിനാണ് അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയത്. ബിജുമേനോന്‍, പൃഥ്വിരാജ് എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ഫൈറ്റ് സീനുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് പേരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തത്.

Content Highlight: National Award Winner Mafiya Sasi says that Pranav mohanlal  has no isssues for doing fight scenes

We use cookies to give you the best possible experience. Learn more