ന്യൂദല്‍ഹി: കാശ്മീര്‍ കത്‌വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി 2018ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവ് ഋദ്ധി സെന്‍. അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പായിരുന്നു എട്ടുവയസുകാരിക്ക് നീതി തേടിയുള്ള ഋദ്ധി സെന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്.
“പ്രകൃതി ഇനി തിരിച്ചടിക്കണം. ഈ ഭൂമി വാസയോഗ്യമല്ല. ഇത്തരം മനുഷ്യരെ ഭൂമി തുടച്ച് നീക്കണം”, ഋദ്ധി സെന്‍ പറയുന്നു. ഇതാണ് മതം? എത്ര നാള്‍ അവര്‍ സത്യത്തെ മറച്ചു വെക്കും? എത്രകാലം?, ഋദ്ധി സെന്‍ ചോദിക്കുന്നു.
2010ല്‍ ഇട്ടി മിറാനിയിലൂടെ സിനിമയിലെത്തിയ ഋദ്ധി സെന്‍ തന്റെ പതിമൂന്നാമത്തെ സിനിമയായ നേഗര്‍കീര്‍ത്തനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. ബംഗാളി തിയറ്റര്‍ ആര്‍ട്ടിസ്റ്റുകൂടിയാണ് അദ്ദേഹം.
ജമ്മുവിനടുത്തുള്ള കത്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
Watch DoolNews Video: