കൊച്ചി: ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമൊപ്പം അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറായ മറ്റൊരു വ്യക്തിയായിരുന്നു ഛായാഗ്രഹന്‍ നിഖില്‍ എസ്. പ്രവീണ്‍. യേശുദാസും ജയരാജും രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം കൈപ്പറ്റിയപ്പോള്‍ നിഖിലിന് പുരസ്‌കാരം നല്‍കിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു.
രാജ്യം ആദരിക്കുന്ന പുരസ്‌കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും വാങ്ങിയെങ്കിലും പുരസ്‌കാരം വാങ്ങി പുറത്തിറങ്ങിയ നിഖില്‍ സ്വന്തം അമ്മയുടെ കയ്യില്‍ ആ അവാര്‍ഡ് കൊടുത്തു..തുടര്‍ന്ന് അമ്മ തനിക്ക് ഈ പുരസ്‌കാരം നല്‍കണമെന്ന ആഗ്രഹം പങ്കുവെച്ചു.
അവാര്‍ഡ് അമ്മയില്‍ നിന്നും വാങ്ങിയ ചിത്രമെടുത്ത് ഫേ്‌സബുക്കില്‍ പോസ്റ്റ് ചെയ്ത് നിഖില്‍ കുറിച്ചു… “”അവാര്‍ഡ് അമ്മയില്‍ നിന്നും… രജത കമലം അമ്മയില്‍ നിന്ന്..”” അതേസമയം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്ന ചിത്രം നിഖില്‍ ഷെയര്‍ ചെയ്തതുമില്ല.
തുടക്കക്കാരന്‍ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ എനിക്ക് മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു.. ക്ഷമിക്കുക.. എന്നായിരുന്നു അവാര്‍ഡ് വാങ്ങിയതിന് പിന്നാലെ നിഖില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ ഛായാഗ്രഹണത്തനാണ് നിഖില്‍ എസ്. പ്രവീണ്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ചിത്രത്തിന്റെ സംവിധായകനായ ജയരാജ് പുരസ്‌കാരം സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍, അതും തനിക്ക് ആദ്യമായി സിനിമയില്‍ അവസരം നല്‍കിയ ജയരാജ് അങ്ങനെയൊരു നിലപാടെടുക്കുമ്പോള്‍ അതിനെ മറികടന്നൊരു തീരുമാനം എടുക്കാന്‍ ഒരുപക്ഷേ നിഖിലിന് കഴിഞ്ഞില്ലായിരിക്കാം. “തുടക്കക്കാരന്‍ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി” എന്ന നിഖിലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതും അതുതന്നെ.
താങ്കളുടെ കാര്യത്തില്‍ അത് തന്നെയാണ് ശരിയെന്നും അഭിനന്ദനങ്ങളെന്നുമാണ് നിഖിലിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. പ്രയത്‌നത്തിനും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണെന്നും ആരുടെ കയ്യില്‍ നിന്നായാലും എളിമയോടെ അത് സ്വീകരിക്കാന്‍ തോന്നിയ മനസ്സിന് അഭിനന്ദനങ്ങള്‍ എന്നും ചിലര്‍ കുറിക്കുന്നു.
അതേസമയം ഇങ്ങനെയൊരു കുറിപ്പ് വേണ്ടിയിരുന്നില്ലെന്നും താങ്കള്‍ കാണിച്ചതാണ് ശരിയെന്നും പുരസ്‌കാരം നിരസിച്ച് ആളാവാന്‍ നോക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടകളുണ്ടെന്നും പറഞ്ഞ് ഇതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്.