| Tuesday, 18th June 2013, 12:46 am

സിനിമാ തിയറ്ററുകളിലെ ദേശീയഗാന പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: സിനിമാ തിയറ്ററുകളിലെ ദേശീയഗാന പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യം.

ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റുനില്‍ക്കാന്‍ പോലും തയാറാകാത്ത പശ്ചാത്തലത്തില്‍ ഇതിന്റെ പ്രദര്‍ശനം അടിയന്തിരമായി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

നേര്‍വഴി പ്രവര്‍ത്തകന്‍ പി.ബി.സതീഷ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന് ഇത് സംബന്ധിച്ച് നിവേദനം നല്കി. []

കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ കൈരളി, ശ്രീ തിയറ്ററുകളില്‍ സിനിമ തുടങ്ങുംമുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്ന സമയത്ത് ആദരസൂചകമായി എഴുന്നേറ്റുനില്‍ക്കാന്‍ പല പ്രേക്ഷകരും തയാറാവാത്തതിനെ തുടര്‍ന്നാണ് നിവേദനം നല്‍കിയത്.

സമീപകാലത്താണ് കൈരളി, ശ്രീ തിയറ്ററുകളില്‍ ദേശീയഗാനം ഓരോ ഷോയ്ക്കും മുമ്പ് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. ഇതു പ്രദര്‍ശിപ്പിക്കുമ്പോള്‍ ആദരസൂചകമായി എല്ലാ പ്രേക്ഷകരും എഴുന്നേറ്റുനില്‍ക്കണമെന്ന് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും പലരും അങ്ങനെ ചെയ്യുന്നില്ല.

ദേശീയഗാനത്തോടുള്ള ഈ അവഗണന കാരണമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശീയഗാനം തിയറ്ററില്‍ കാണിക്കുന്ന പതിവു നിര്‍ത്തിയത്. അന്നൊക്കെ സിനിമ കഴിഞ്ഞതിനുശേഷമായിരുന്നു ദേശീയഗാനം പ്രദര്‍ശിപ്പിച്ചിരുന്നത്.

എന്നാല്‍ സിനിമ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ ദേശീയഗാനം കേള്‍ക്കാന്‍ നില്‍ക്കാതെ തിയറ്റര്‍ വിടാന്‍ തുടങ്ങിയതോടെയാണ് ഇതു വേണ്ടെന്ന് വെച്ചത്.

അടുത്തിടെയാണ് സര്‍ക്കാര്‍ തിയറ്ററുകളില്‍ വീണ്ടും ദേശീയഗാനം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്.

We use cookies to give you the best possible experience. Learn more