ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കി ഭരണകൂടം. ദേശീയ സ്വത്വത്തില്‍ കുട്ടികള്‍ അഭിമാനം കൊള്ളേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും രാവിലെ അസംബ്ലികളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ദേശീയഗാനം നിര്‍ബന്ധമാക്കിയത്. ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ രാവിലെ അസംബ്ലികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ പട്ടിക സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അലോക് കുമാര്‍ ബുധനാഴ്ചയാണ് പുറത്തിറക്കിയത്.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രാവിലെ അസംബ്ലിയുടെ ദൈര്‍ഘ്യം 20 മിനിറ്റില്‍ കൂടരുത്. പ്രഭാത അസംബ്ലികള്‍ വിദ്യാര്‍ത്ഥികളില്‍ ‘ധാര്‍മ്മികത, സമഗ്രത, സമാധാനം, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയായിരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിലവില്‍ ജമ്മുവിലെ സ്‌കൂളുകളില്‍ ഇത്തരം സുപ്രധാനമായ കാര്യങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല എന്നും സര്‍ക്കുലറില്‍ പറയുന്നു.
രാവിലത്തെ അസംബ്ലികളുടെ നടത്തിപ്പ് ഏകീകൃതമായിരിക്കണം. എല്ലാ സ്‌കൂളുകളും ദേശീയഗാനം ആലപിച്ചുകൊണ്ടായിരിക്കണം അസംബ്ലി ആരംഭിക്കേണ്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളോ അധ്യാപകരോ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചോ മഹദ് വ്യക്തികളെക്കുറിച്ചോ ഉള്ള പ്രഭാഷണങ്ങളും പ്രസംഗങ്ങളും നടത്തണം. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനും അവരുടെ ഒരു ദിവസം പോസിറ്റീവാക്കുന്നതിനും സഹായകരമാകുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
‘സത്യസന്ധത, ബഹുമാനം, ഉത്തരവാദിത്തം, കടമ, പൗരത്വം, ഭരണഘടനാ മൂല്യങ്ങള്‍’ എന്നിവയില്‍ അധിഷ്ഠിതമായ ചില പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാനും സര്‍ക്കുലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക്, കായിക, പാഠ്യേതര കാര്യങ്ങളിലുള്ള നേട്ടങ്ങള്‍ അസംബ്ലികളില്‍ അനൗണ്‍സ് ചെയ്യണം. പരിസ്ഥിതി അവബോധം വളര്‍ത്തുന്ന തരത്തിലുള്ള തീമുകള്‍ ആഴ്ചകളിലോ മാസങ്ങളിലോ അസംബ്ലികളില്‍ അവതരിപ്പിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.
ക്രിയേറ്റീവ് പെര്‍ഫോമന്‍സ് എന്ന വിഭാഗത്തില്‍ എല്ലാ സ്‌കൂളുകളോടും രാവിലെ അസംബ്ലി സമയത്ത് വിദ്യാര്‍ത്ഥികളുടെ സംഗീത, നൃത്ത നാടക പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇസ്‌ലാമിന് നിഷിദ്ധമായ ചില നിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ ഉണ്ടെന്നതും വിവാദവിഷയമായേക്കും.
‘വ്യത്യസ്ത സംസ്‌കാരങ്ങള്‍, ചരിത്ര സംഭവങ്ങള്‍’ എന്നിവയെക്കുറിച്ച് പരിപാടികള്‍ സംഘടിപ്പിക്കാനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘അച്ചടക്കവും ഐക്യവും’ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം, ലെഫ്റ്റനന്റ് ഗവര്‍ണര്‍ സിന്‍ഹ പങ്കെടുത്ത ‘പെഡല്‍ ഫോര്‍ പീസ്’ സൈക്ലിംഗ് പരിപാടിയില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റുനിന്നില്ലെന്ന് ആരോപിച്ച് ഒരു ഡസനോളം സൈക്കിള്‍ യാത്രക്കാരെ അധികാരികള്‍ തടഞ്ഞുവെച്ചിരുന്നു.
അനാസ്ഥ ചൂണ്ടിക്കാട്ടി ചില പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
2021-ല്‍, ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ കോണ്‍വക്കേഷന്‍ പരിപാടിയില്‍ എല്ലാ വിദ്യാര്‍ത്ഥികളോടും ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്‍ക്കാനും അല്ലാത്തവര്‍ വീട്ടില്‍ ഇരിക്കണമെന്നും അന്നത്തെ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ പറഞ്ഞതും വിവാദമായിരുന്നു.
Content Highlight: National Anthem Recitation Mandatory in Morning Assemblies in Jammu and Kashmir Schools