| Tuesday, 9th January 2018, 1:16 pm

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ല; സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ദേശീയഗാനം നിര്‍ബന്ധമല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ഗാനം വേണമോയെന്ന് തിയേറ്ററുകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

തീയേറ്ററുടമകള്‍ താല്‍പ്പര്യപ്രകാരം ദേശീയഗാനം കേള്‍പ്പിക്കുകയാണെങ്കില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ തന്നെയത് നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കി. 2016 നംബര്‍ 30 നു പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി മാറ്റം വരുത്തിയിരിക്കുന്നത്.

നേരത്തെ തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതു സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് തിയേറ്ററിലെ ദേശീയഗാനത്തെ സംബന്ധിച്ച വിഷയം പരിഗണിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് രാജ്യസ്നേഹ കുപ്പായം എപ്പോഴും ധരിച്ചു നടക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരിലുള്ള മോറല്‍ പൊലീസിങ് അനുവദിക്കാനാകില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്.

2016 നവംബര്‍ 30-നാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവുപ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

We use cookies to give you the best possible experience. Learn more