ഹൈദരാബാദ്: ബി.ജെ.പിയ്‌ക്കെതിരായ ദേശീയ ബദല്‍ 2023 മേയ് മാസത്തിന് മുന്‍പ് രൂപപ്പെടില്ലെന്ന് കോണ്‍ഗ്രസ് വക്താവും എം.പിയുമായ മനീഷ് തിവാരി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പായിരിക്കും പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്തുന്നതിനലുള്ള ആദ്യഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് വിര്‍ച്വലായി സംഘടിപ്പിച്ച ‘ഇന്ത്യയില്‍ ക്രിയാത്മതകമായ പ്രതിപക്ഷത്തിന്റെ അഭാവമുണ്ടോ’ എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പല പ്രാദേശിക പാര്‍ട്ടികളും അവരുടെ സംസ്ഥാനങ്ങളില്‍ ഭരണത്തിലാണ്. സാമ്പത്തികമായ അരക്ഷിതാവസ്ഥയാണ് എല്ലാ സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നത്.
സ്വാഭാവികമായും അതിനെ മറികടക്കുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തിവാരി പറഞ്ഞു.
നേരത്തെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ബി.ജെ.പി. വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളെ കോര്‍ത്തിണക്കി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനാണ് പവാറിന്റെ ശ്രമം.
എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., ശിവസേന, ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി., നാഷനല്‍ കോണ്‍ഫറന്‍സ്, സി.പി.ഐ.എം., സി.പി.ഐ., പി.ഡി.പി. തുടങ്ങിയ കക്ഷികളെ ഒപ്പം ചേര്‍ത്ത് സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യം.
ഇന്ധന വിലവര്‍ധന, കര്‍ഷക സമരം, സാമ്പത്തിക തകര്‍ച്ച, വിലക്കയറ്റം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റ വിഷയങ്ങള്‍ നിരവധിയാണ്.
അടുത്തിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും അയോധ്യ, മഥുര, ലക്നൗ എന്നീ നഗരങ്ങളുള്‍പ്പെടുന്ന ജില്ലകളിലും ബി.ജെ.പി. കനത്ത പരാജയം നേരിട്ടു.
ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച് സര്‍വസന്നാഹങ്ങളുമായി ഇറങ്ങിയ ബംഗാളില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയെ കാത്തിരുന്നത്.