ന്യൂദല്‍ഹി: യു.പി.എ. സര്‍ക്കാരിന്റെ സാമ്പത്തികനയത്തിനെതിരേ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത നാല്‍പ്പത്തെട്ടു മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലും തുടരുന്നു. ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പണിമുടക്കില്‍ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ജനജീവിതം താറുമാറായി. കേരളത്തിലും ത്രിപുരയിലും അസമിലും പണിമുടക്ക് പൂര്‍ണമായിരുന്നു.[]
ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് ഇടതു എം.പിമാര്‍ പറഞ്ഞു. ഭരണപ്രതിപക്ഷ തൊഴിലാളി സംഘനടകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് കേരളത്തില്‍ പൊതുവെ സമരം ശാന്തമാണെങ്കിലും ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും അക്രമാസക്തമായിട്ടുണ്ട്.
മുഴുവന്‍ ഭരണപ്രതിപക്ഷ തൊഴിലാളി സംഘനടകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് രണ്ടാം ദിവസമായ ഇന്നും കേരളത്തില്‍ സമാധാനപരമായാണ് നടക്കുന്നത്. ടെക്‌നോപാര്‍ക്കിലേക്ക് പോകുന്ന പോകുന്ന വാഹനം തടഞ്ഞതും മറ്റുമായി ചെറിയ സംഘര്‍ഷം മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ പണിമുടക്ക് സമാധാനപരമായാണ് മുന്നോട്ട് പോകുന്നത്.
ടെക്‌നോപാര്‍ക്കടക്കം നിശ്ചലമാക്കുമെന്ന് സമരാനുകൂലികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലും ഹാജര്‍ നില തീരെ കുറവായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും പണിമുടക്ക് അക്രമാസക്തമായി. പണിമുടക്കിനെ തുടര്‍ന്ന് ദല്‍ഹിക്കടുത്ത് ഉത്തര്‍പ്രദേശിലെ വ്യാവസായിക മേഖലയായ നോയിഡയില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. ലാത്തിചാര്‍ജിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.
സമരം പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം സമരക്കാര്‍ തെരുവില്‍ നേരിട്ടു. ഇതേ തുടര്‍ന്ന് നോയിഡയില്‍ സമരാനുകൂലികള്‍ ഫാക്ടറിയും, നിരവധി വാഹനങ്ങളള്‍ക്കും തീയിട്ടു. പണിമുടക്ക് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ഇവിടങ്ങളില്‍ ലാത്തിചാര്‍ജ് നടത്തി.
പണിമുടക്ക് സമരം രാജ്യത്ത് ബന്ദിന്റെ പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാങ്കിംഗ് ഇന്‍ഷൂറന്‍സ്, തുറമുഖ മേഖലകളെല്ലാം പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്.
എ.ഐ.ടി.യു.സി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലെ പലയിടങ്ങളിലും സമരം അക്രമാസക്തമായിട്ടുണ്ട്. പണിമുടക്ക് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഹരിയാനയില്‍ ട്രേഡ് യൂണിയന്‍ നേതാവ് ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു. അംബാലയിലാണ് എ.ഐ.ടി.യു.സി ട്രഷറര്‍ നരേന്ദര്‍ സിങ് ബസ് ിടച്ചിട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ജില്ലാ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി അംബാല ബസ് ഡിപ്പോയില്‍ നിന്നും വാഹനം പുറത്തിറക്കുന്നതിനിടെയാണ് നരേന്ദ്രര്‍ സിംഗ് കൊല്ലപ്പെട്ടത്.
അദ്ദേഹത്തെ ഇടിച്ചിട്ടതിന് ശേഷവും ബസ് മുന്നോട്ട് എടുത്തത് തൊഴിലാളികളെ അക്രമാസക്തരാക്കിയെന്നും ഹരിയാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഇന്ദര്‍ സിങ് ഭഡാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
നരേന്ദ്രര്‍ സിങിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ഹരിയാന റോഡ് വെയ്‌സ് ജനറല്‍ മാനേജറിന്റെ പേരില്‍ കേസെടുക്കണമെന്നും ഭഡാന കൂട്ടിച്ചേര്‍ത്തു.
നരേന്ദര്‍ സിങിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ അംബാല ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറുടെ വാഹനം പൂര്‍ണമായും തകര്‍ത്തുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് നരേന്ദര്‍ സിങ് കൊല്ലപ്പെട്ടത്.
പണിമുടക്ക് പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി കരിങ്കാലികളാണ് നരേന്ദര്‍ സിങിനെ കൊലപ്പെടുത്തിയതെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു.
ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാലും ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.