ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തുടനീളം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലും പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ഇടതു സംഘടനകള്‍, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്, തുടങ്ങി 60ലധികം സംഘടനകള്‍ വ്യാഴാഴ്ച ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. എംപിമാരെ അടക്കം പങ്കെടുപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ജാമിഅ മില്ലിയയിലും പരിസര പ്രദേശത്തും സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ബുധനാഴ്ച സംയുക്ത സമര സമിതി രൂപീകരിച്ചിരുന്നു.
പ്രക്ഷോഭത്തിന് പിന്തുണ ആവശ്യപ്പെട്ട് ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറും സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
മുംബൈയില്‍ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റുമായി ചേര്‍ന്ന് പ്രശസ്തമായ ആഗസ്റ്റ് ക്രാന്തി മൈതാന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. 11 മണിക്ക് ചെങ്കോട്ടയില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് സെന്‍ട്രല്‍ ദല്‍ഹിക്കടുത്ത് ഷഹീദ് പാര്‍ക്കില്‍ അവസാനിക്കും. പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ച് നടന്‍ ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തിരുന്നു.
നമുക്ക് 19ന് ആഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ കാണാം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം അവസാനിപ്പിക്കേണ്ട സമയം അവസാനിച്ചു എന്നായിരുന്നു ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തിരുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയ തലത്തിലുള്ള പ്രതിഷേധവം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
ഇടതു പാര്‍ട്ടികളുടെ പ്രതിഷേധ റാലി മണ്ഡി ഹൗസില്‍ നിന്ന് ആരംഭിച്ച് ഐസ, സ്വരാജ് തുടങ്ങിയ സംഘടനകളുടെ പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് ഷഹീദ് പാര്‍ക്കില്‍ അവസാനിക്കും.
ഇടതുപാര്‍ട്ടികളുടെ പ്രതിഷേധത്തിന് ദല്‍ഹി പൊലീസ് അനുവാദം നിഷേധിച്ചിട്ടുണ്ട്. ട്രാഫിക് പ്രശ്‌നങ്ങളും നിയമ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ മാര്‍ച്ചിന് അനുമതി നിരസിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്താകമാനമുള്ള കോളെജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഡിസംബര്‍ 15 മുതല്‍ ദല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.