ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. പഞ്ചാബില്‍ വ്യാഴാഴ്ച തന്നെ കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍ പാത ഉപരോധം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ശനിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന പ്രതിഷേധ സമരത്തില്‍ റെയില്‍, വാഹന ഗതാഗതം പലയിടങ്ങളിലും സ്തംഭിക്കും.
കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കൊവിഡിനിടയില്‍ ക്രമസമാധാനം പാലിക്കണമെന്നും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് വേണം പ്രതിഷേധിക്കാനെന്നും കര്‍ഷകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് നിരവധി കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് കര്‍ഷകരുടെ പ്രതിഷേധ സമരം നടക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ബില്ലിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്‍ മൂന്ന് മണിക്കൂര്‍ വാഹന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഉത്തര്‍പ്രദേശില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷകരോട് ടൗണുകളും ഹൈവേയും ഗ്രാമപ്രദേശങ്ങളും തടയാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രാദേശിക വ്യാപാര കേന്ദ്രങ്ങളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. ദല്‍ഹിയിലെ ജന്ദര്‍ മന്ദറിലും പ്രതിഷേധം ശക്തമാണ്.
കര്‍ണാടകയിലും വിവിധ സംഘടനകള്‍ കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്റ്റേറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബൊമ്മനഹള്ളി ഹൈവേയില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ബീഹാറില്‍ ജന്‍ അധികാരി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗാന്ധി സേതുവിനടുത്ത് ഹാജിപൂരില്‍ കര്‍ഷകര്‍ പ്രതിഷേധിക്കും.
പ്രതിഷേധ സമരത്തിന് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ് സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.സി) തുടങ്ങിയവരും കര്‍ഷകര്‍ക്ക് പന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ അയോധ്യയിലും കര്‍ഷകര്‍ പ്രതിഷേധത്തിന് തുടക്കമിട്ടു. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 31 വരെ ദേശീയ തലത്തില്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് യു.പിയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അജയ്കുമാര്‍ ലല്ലു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക