ന്യൂദല്‍ഹി: എന്‍.ഡി.ടിവിയില്‍ ജോലി ചെയ്യവേ 2002 ലെ ഗുജറാത്ത് കലാപം താന്‍ ജീവന്‍ പണയപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തതാണെന്ന റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമിയുടെ തള്ളിനെ പൊളിച്ചടുക്കിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡെ ടിവി കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രജദീപ് സര്‍ദേശായി.
താങ്കളുടെ കള്ളം ലോകം മനസിലാക്കിയ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകാനും മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനും തയ്യാറുണ്ടോയെന്നാണ് രജദീപ് സര്‍ദേശായിയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു സര്‍ദേശായി അര്‍ണബിനെതിരെ രംഗത്തെത്തിയത്.
“വളരെ ലളിതമായ ഒരു ചോദ്യമാണ് എനിക്ക് താങ്കളോട് ചോദിക്കാനുള്ളത്. താങ്കളുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമായിരുന്നെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ രാജിവെച്ച് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം”.
ഗുജറാത്ത് വംശഹത്യ എന്‍.ഡി.ടി.വിക്ക് വേണ്ടി 2002 ല്‍ അര്‍ണബ് ഗോസ്വാമി ജീവന്‍ പണയം വെച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്ന് അവകാശപ്പെടുന്ന
പഴയ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സര്‍ദേശായി അര്‍ണബിനെതിരെ രംഗത്തെത്തിയത്. രജദീപ് സര്‍ദേശായിയും ക്യാമറാമാനും ആക്രമിക്കപ്പെട്ട സംഭവത്തെ സ്വന്തം അനുഭവമാക്കി പറയുകയായിരുന്നു അര്‍ണബ്.
അന്ന് തനിക്കൊപ്പം ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ക്യമാറാമാന്‍ വൈകാതെ തന്നെ സത്യം ക്യാമറയിലൂടെ പറയുമെന്നും സര്‍ദേശായി പറയുന്നു. “ആദ്യം കള്ളം പറയും. പിന്നെ അത് കൊണ്ടുപോകാനായി അതിന് മുകളില്‍ കൂടുതല്‍ കള്ളങ്ങള്‍ പറയും. രൂപന്‍ പെഹ്‌ലയായിരുന്നു അന്ന് ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എനിക്കൊപ്പം ഉണ്ടായിരുന്നത്. ക്യാമറയ്ക്ക് മുന്നില്‍ വന്ന് അദ്ദേഹം എല്ലാം പറയും. നിങ്ങള്‍ കണ്ടോളൂ..രജദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചു.
താങ്കള്‍ ഈ ആരോപണം ശരിവെക്കാത്തിടത്തോളവും തുറന്ന ഖേദപ്രകടനത്തിന് തയ്യാറാവാത്തിടത്തോളവും ഇത് അവസാനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- സര്‍ദേശായി പറയുന്നു.
ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപം വെച്ച് അര്‍ണബിന്റെ കാര്‍ ചിലര്‍ ആക്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അഹമ്മദാബാദ് കലാപം അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിരുന്നുപോലുമില്ല. അത് ഞങ്ങളായിരുന്നു ചെയ്തത്. കളവ് വിളിച്ച് പറയുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. അര്‍ണബിന്റെ ഈ തുറന്നുപറച്ചില്‍ കേള്‍ക്കുമ്പോള്‍ ഈ പ്രൊഫഷനെ തന്നെ വെറുത്തുപോകുകയാണെന്നും രജദീപ് സര്‍ദേശായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.