ചണ്ഡീഗഢ്: പട്ടികജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും കണ്ടെത്താന്‍ മുന്‍ ആര്‍.എസ്.എസ് മേധാവിയുടെ കീഴിലുള്ള പഞ്ചാബ് പട്ടികജാതി, പിന്നോക്ക വിഭാഗ കമ്മീഷന്‍ നീക്കം. രാജേഷ് ബാഗയുടെ കീഴിലുള്ള കമ്മീഷനാണ് ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീംങ്ങള്‍ക്കുമെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരം ആളുകളെ കണ്ടെത്താനായി വന്‍ ബോധവത്കരണ പരിപാടികളാണ് കമ്മീഷന്‍ നടത്താനുദ്ദേശിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനഞ്ചോളം ക്രിസ്ത്യാനികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ചാര്‍ജു ചെയ്തിട്ടുണ്ടെന്നാണ് രാജേഷ് ബാഗയുടെ അവകാശവാദം.
അനര്‍ഹരായവര്‍ തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേടുന്നുണ്ടെന്നു കണ്ടാല്‍ പട്ടികജാതിക്കാര്‍ക്ക് പരാതിപ്പെടാമെന്ന് രാജേഷ് ബാഗ പറയുന്നു. ഇത്തരം പരാതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കോളജുകളിലും പഞ്ചായത്തുകളിലും മുനിസിപ്പല്‍ കൗണ്‍സിലുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നും പുനപരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക് അവരുടെ പൂര്‍വ്വികര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ എസ്.സി ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി നിലനില്‍ക്കെയാണ് എസ്.സി ആനുകൂല്യങ്ങള്‍ നേടുന്ന ക്രിസ്ത്യന്‍ മുസ്‌ലീങ്ങള്‍ നടപടി നേരിടുന്നത്.
ആര്‍.എസ്.എസിന്റെ “ഘര്‍ വാപസി” പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കീഴ്ജാതിക്കാരായ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീങ്ങള്‍ക്കും പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും എന്നതായിരുന്നു “ഘര്‍ വാപസി” പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. പുനപരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തയ്യാറാവുന്നതുവരെ ഘര്‍ വാപസി നിര്‍ത്തിവെക്കുമെന്നാണ് ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പറയുന്നത്.
അറസ്റ്റിലായ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീംങ്ങള്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും ബാഗ വ്യക്തമാക്കി. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനങ്ങളും അച്ചടക്കനടപടി നേരിടും.
ബി.ജെ.പിയുടെ ഭാഗമായ അകാലി ദള്‍ ഘര്‍ വാപസിയ്ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും പുനപരിവര്‍ത്തനം എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതിലും അകാലി ദളിന് താല്‍പര്യമില്ല. കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസില്‍ നിന്നും വിട്ട് ക്രിസ്ത്യാനികള്‍ അകാലിദളിലേക്ക് വന്‍തോതില്‍ ചേക്കേറിയിരുന്നു.