പഞ്ചാബില്‍ നിന്നുള്ള പാല്‍ ഉപയോഗിച്ച് പാകം ചെയ്ത രുചികരമായ ‘ഖീറും’ പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് എളിമയോടെയവര്‍ വിതരണം ചെയ്തു. അതെങ്ങനെയെന്ന് വിശാലഹൃദയരായ ആ സിഖുകാര്‍ക്ക് മാത്രമേ അറിയൂ. അക്ഷരാര്‍ത്ഥത്തില്‍, അവിടെ സന്നിഹിതരായ ആളുകളുടെയും സോഷ്യല്‍ മീഡിയയിലൂടെ അകലെ നിന്ന് കണ്ടവരുടെയും ഹൃദയം കവര്‍ന്ന അനുഭവമായിരുന്നു അത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കാമ്പസുകളിലും തെരുവുകളിലും ആവര്‍ത്തിച്ചു വായിച്ചുകൊണ്ട് ജനകീയ സമരം രാജ്യത്തിന്റെ വര്‍ണ്ണത്രയങ്ങളെയും ഭരണഘടനയെയും വീണ്ടെടുക്കുമ്പോള്‍, ജീവസ്സുറ്റ ചരിത്രത്തിന്റെയും അവിശ്വസനീയമായ മാനവികതയുടെയും ഈ സുവര്‍ണ്ണ നിമിഷത്തില്‍ പ്രതിപക്ഷം എവിടെയാണ്? ദില്ലിയിലെ ജമാ മസ്ജിദില്‍, ഭരണഘടനയുടെ ആമുഖം ആയിരക്കണക്കിന് ആളുകള്‍ ഉറുദുവില്‍, അതായത് ഹിന്ദുസ്ഥാനിയുടെ യഥാര്‍ത്ഥവും തദ്ദേശീയവുമായ ഭാഷയിലാണ് വായിച്ചത്.
മോദിയുടെയും അമിത് ഷായുടെയും സ്വയം ദുര്‍ബലരാക്കുന്ന വാചാടോപത്തിനും ഇരട്ടത്താപ്പിനുമപ്പുറം ചരിത്രം ഒരു മാതൃകാപരമായ മാറ്റത്തെ അടയാളപ്പെടുത്തുമ്പോള്‍, എവിടെയാണ് നമ്മുടെ പ്രതിപക്ഷം?
ബംഗാളിലെ മമത ബാനര്‍ജിയെയും കേരളത്തിലെ പിണറായി വിജയനെയും മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. രാഷ്ട്രീയമായി ശരിയും സദ്യദ്ദേശ്യപരവുമായ സന്ദേശങ്ങള്‍ നേതൃത്വത്തില്‍ നിന്ന് വന്നിട്ടും പ്രിയങ്ക ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്ന യഥാര്‍ത്ഥ സന്ദേശം ഇതാണ്.
തീര്‍ച്ചയായും, അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ പൂര്‍ണ്ണവ്യക്തതയോടെ തന്റെ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മോദിയെ നേരിടാന്‍ കെല്പുള്ള ഒരു ദേശീയ നേതാവെന്ന നിലയില്‍ പാര്‍ട്ടി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുമോ? അതേപോലെ, കമല്‍ നാഥും അശോക് ഗെഹ്ലോട്ടും തങ്ങളുടെ തലസ്ഥാനങ്ങളില്‍ മഹാറാലികള്‍ തന്നെ നടത്തിയിട്ടുണ്ടെങ്കിലും ആ പ്രതിച്ഛായക്ക് ഒരു ദേശീയ സ്വഭാവം കൈവന്നോ?
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പഞ്ചാബ് ഒഴിച്ചുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍, എല്ലാം വെറും പൊറാട്ടുനാടകമാണ്. നിശ്ചയമായും അവര്‍ പിണറായി വിജയനില്‍ നിന്നും മമത ബാനര്‍ജിയില്‍ നിന്നും ചില്ലറ പാഠങ്ങള്‍ പഠിക്കണം. ബംഗാളിലും കേരളത്തിലും ഭൂരിപക്ഷം ജനങ്ങളും എന്‍.ആര്‍.സി / സി.എ.എയ്ക്കെതിരെ ശക്തമാണ്, എന്നിട്ടും പ്രസ്തുത വിഷയത്തില്‍ ഭരണനേതൃത്വം ഒരിക്കലും അലംഭാവം കാണിച്ചിട്ടില്ല. സംയുക്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേരാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടുകൊണ്ട് പിണറായി കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തി.
സി.എ.എയെ തള്ളിക്കളയുന്നതിനായി ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടും ഐക്യകണ്ഠേന, നിയമസഭയില്‍ തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മമത ബംഗാളില്‍ ഈ അത്ഭുതം ആവര്‍ത്തിച്ചത്. എന്തിനേറെ പറയുന്നു, കൊല്‍ക്കത്തയിലെ ഓരോ ഹോര്‍ഡിംഗും മമതയുടെ തീരുമാനത്തിന്റെ സാക്ഷ്യപത്രമാണ്: “എന്റെ ശവത്തില്‍ ചവിട്ടി മാത്രമേ ബംഗാളിലുള്ളവര്‍ക്ക് എന്‍.ആര്‍.സിയും സി.എ.എയും പാസ്സാക്കാനാവൂ.”
മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ ഭരണഘടനയുടെ ആമുഖവായന നിര്‍ബന്ധമാക്കുന്നത് ഒരു ദേശീയ പ്രക്ഷോഭത്തെ ഏറ്റെടുക്കുന്നതിന്റെ ശുഭസൂചനയാണ് . ഭരണഘടനയിലോ അതിന്റെ ശില്പിയായ അംബേദ്കറിലോ കാര്യമായ വിശ്വാസമില്ലാത്തവരുടെ കൈയില്‍ നിന്ന് ഭരണഘടന വീണ്ടെടുക്കലാണത്. എന്നാല്‍ പ്രചരണ പരിപാടികള്‍ക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇനിയുമേറെ പ്രതിബദ്ധതയും പിന്തുണയും ലഭ്യമാവേണ്ടതുണ്ട്.
ഇതിനോടകം തന്നെ അഖിലേഷ് യാദവിനും മായാവതിക്കും പ്രതിഷേധക്കാരുടെ കണ്ണില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും ഓര്‍ക്കണം , ആര്‍.എസ്എസ് / ബി.ജെ.പി പിന്തുണയോടെ നടന്ന അണ്ണാ ഹസാരെയുടെ സമരം, എങ്ങനെയാണ് രണ്ടാം യു.പി.എ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുകയും മധ്യവര്‍ഗ്ഗത്തിന്റെയും വ്യവസായികളുടെയും പിന്തുണയോടെ ഒരു ‘രക്തരക്ഷസ്സി’നെ അധികാരത്തില്‍ അവരോധിക്കുകയും ചെയതതെന്ന്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ വഴിയില്‍, ഈ ബഹുജന പ്രക്ഷോഭത്തെയും ആവേശത്തെയുമെല്ലാം സര്‍ഗ്ഗാത്മകവും അനര്‍ഘവുമായ ഒരു പ്രവാഹത്തിലേക്ക് പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അത് ജാതീയവും സാമുദായികവുമായ എല്ലാ ഭിന്നതകളെയും ഒരിക്കല്‍കൂടി തകര്‍ത്തെറിയും, ജനങ്ങളെ ഒന്നിപ്പിക്കും, ഇന്ത്യയുടെ മതനിരപേക്ഷ വിഭാവനയെയും ബഹുസ്വര ജനാധിപത്യത്തെയും ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പിനെയും ആത്മാവിനെയും തിരിച്ചുപിടിക്കും.
പ്രതിപക്ഷം, കാര്യങ്ങളിനിയും വൈകിപ്പോകാതെ നോക്കേണ്ടതുണ്ട്. ഷഹീന്‍ ബാഗിലെ സ്ത്രീകളെയും പ്രതിഷേധക്കാരെയും സംബന്ധിച്ചിടത്തോളം, തെരുവുകളിലും കാമ്പസുകളിലുമായി അവരിപ്പോഴും കാത്തിരിക്കുകയും പാടുകയും ചെയ്യുന്നു: ”ഹം ദേഖേംഗെ”(നമുക്ക് കാണാം)