ഗോഡ്‌സെ ദേശഭക്തനാണ്; തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കും; പ്രജ്ഞാ സിംഗ്
ലഖ്‌നൗ: മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥൂറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന് മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍.
ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംഗ്.
അതേസമയം കമല്‍ഹാസനെതിരെ ഇന്ന് ചെറിപ്പേറ് നടന്നു. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തവേയായിരുന്നു സംഭവം.
ബി.ജെ.പി പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 11 അംഗ സംഘമാണ് ആക്രമണം നടത്തിയത്. കമല്‍ഹാസന്‍ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവര്‍ ചെരിപ്പെറിയുകയായിരുന്നു. ചെരിപ്പ് അദ്ദേഹത്തിന് കൊണ്ടില്ലെന്നും ആള്‍ക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
നേരത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്‌സെയെന്ന പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പത്തിലേറെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.
‘ഇവിടെ ഒരുപാട് മുസ്ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.