ഗാന്ധി കൊല്ലപ്പെട്ട ദിവസം 'ഗോഡ്‌സെ' ട്രെന്‍ഡിങ്ങാക്കി ഹിന്ദുത്വവാദികള്‍
national news
ഗാന്ധി കൊല്ലപ്പെട്ട ദിവസം 'ഗോഡ്‌സെ' ട്രെന്‍ഡിങ്ങാക്കി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 2:30 pm

ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിവസം ട്വിറ്ററില്‍ നാഥൂറാം വിനായക് ഗോഡ്‌സെയെ ട്രെന്‍ഡിങ്ങാക്കി ഹിന്ദുത്വവാദികള്‍. ഇതിനോടകം നിരവധി പേരാണ് ഗാന്ധി കൊല്ലപ്പെട്ട ദിവസം ഗോഡ്‌സെയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗോഡ്‌സെ ധീരനയായിരുന്നു, വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, പാപിയായ ഒരു ആത്മാവിന് മോചനം കൊടുത്ത മഹാനാണ് ഗോഡ്‌സെ, ഗാന്ധി വിഭജനത്തിന്റെ സമയത്ത് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നു, എന്നാല്‍ ഗോഡ്‌സെ ഒരു രാജ്യദ്രാഹിയെ മാത്രമാണ് കൊന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ ഉന്നയിച്ചാണ് ട്വിറ്ററില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നത്.

അതേസമയം നാഥൂറാം ഗോഡ്‌സെയെ വാഴ്ത്തി ട്വീറ്റ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായും നിരവധി പേര്‍ ട്വിറ്ററില്‍ എത്തുന്നുണ്ട്. ഗാന്ധി കൊല്ലപ്പെട്ട ദിവസം ഗോഡ്‌സെ ട്രെന്‍ഡിങ്ങാകുന്നത് പുതിയ ഇന്ത്യയുടെ സ്വഭാവം വ്യക്തമാക്കുന്നതാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെടുന്നത്. നിലവില്‍ ട്വിറ്ററില്‍ ടോപ്പ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് ഗാന്ധിയും രണ്ടാമത് ഗോഡ്‌സെയുമാണ്.

 

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.

നാഥുറാമിന്റെ ഓര്‍മ്മകളിലും, പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ഗാന്ധിജി അമര്‍ രഹേ’ എന്ന വാചകത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.

സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം നാഥുറാം ദേശസ്നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളും പോസ്റ്റിന് കീഴെ കമന്റുകള്‍ ഇട്ടിരുന്നു. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍.എസ്.എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nathuram Godse Trending in Twitter on Gandhi’s Martyrs day