ഗോഡ്‌സെയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നേതാവ്, ജയ് ഹിന്ദ് മുദ്രാവാക്യം സമ്മാനിച്ച നേതാജിയെ അവര്‍ മറന്നു; മമതാ ബാനര്‍ജി
D' Election 2019
ഗോഡ്‌സെയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നേതാവ്, ജയ് ഹിന്ദ് മുദ്രാവാക്യം സമ്മാനിച്ച നേതാജിയെ അവര്‍ മറന്നു; മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 7:21 pm

കൊല്‍ക്കത്ത: ബി.ജെ.പി രാജ്യത്തെ സമുന്നത ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും, കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ച നേതാജിയെ ബി.ജെ.പി മറന്നെന്നും, ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നേതാവെന്നും മമത കുറ്റപ്പെടുത്തി.

‘നാഥുറാം ഗോഡ്‌സെയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ നേതാവ്. ജയ് ഹിന്ദ് മുദ്രാവാക്യം സമ്മാനിച്ച നേതാജിയെ അവര്‍ മറന്നു’- ഹറോവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മമത പറഞ്ഞു.

ഏഴു ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. ബി.ജെ.പി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

ആന്ധ്രപ്രദേശ്, കേരളം, ബംഗാള്‍, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും മമത പറയുന്നു. ‘ബി.ജെ.പിക്ക് സീറ്റുകള്‍ എവിടെ നിന്ന് ലഭിക്കാനാണ്. ഉത്തര്‍പ്രദേശില്‍ അവര്‍ 73ല്‍ നിന്ന് 13ലേക്കോ 19ലേക്കോ കൂപ്പു കുത്തും’- മമത പറയുന്നു.

സംസ്ഥാനത്ത്, ബി.ജെ.പി ഹവാല ഇടപാടുകള്‍ വഴി വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്യുന്നെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനോ വിജിലന്‍സോ അന്വേഷണം നടത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

‘പ്രചാരണം അവസാനിച്ചതിന് ശേഷം രാത്രിയിലാണ് ബി.ജെ.പി ഇത് ചെയ്യുന്നത്. എന്‍ഫോഴ്സിങ് ഏജന്‍സികളൊന്നും തന്നെ ഇതില്‍ നടപടിയെടുക്കുന്നില്ലെന്ന് ആശ്ചര്യപ്പെടുത്തുന്നു’- എന്നായിരുന്നു മമത പറഞ്ഞത്.

മോദിയെ പോലെ കള്ളം പറയുന്ന ഒരു പ്രധാനമന്ത്രിയെ ത്രിണമൂലിന് കാണേണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയെ താന്‍ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു. അതു കൊണ്ടാണ് താന്‍ മോദിയുമായി ഫോനി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവാതിരുന്നതെന്നും, പുതിയ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞത് വിവാദമായിരുന്നു. മമത ഭരണഘടനയെ അവമതിക്കുകയാണെന്നായിരുന്നു മോദി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.