ബോര്‍ഡര്‍ – ഗവാസ്‌കറിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. മത്സരത്തില്‍ ഇരു ടീമുകളുടെയും ഇലവനില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇതോടെ ഓസ്‌ട്രേലിയ ഓപ്പണറായ നഥാന്‍ മെക്‌സ്വീനിയെ ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആദ്യ ടെസ്റ്റില്‍ ഒരു ഡക് ഉള്‍പ്പെടെ 10 റണ്‍സും രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 49 റണ്‍സും നേടി. മൂന്നാം ടെസ്റ്റില്‍ 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഓപ്പണിങ്ങില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തിന്റെ ഫോമില്‍ ഓസീസ് ആശങ്കയിലാണ്. മാത്രമല്ല ഓപ്പണറായ ഉസ്മാന്‍ ഖവാജയും മങ്ങിയ സാഹചര്യത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് കങ്കാരുപ്പട എടുക്കുക എന്നത് കാത്തിരുന്ന് കാണേണ്ടിവരും.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.
ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങില്‍ വീണ്ടും മഴ പെയ്തതോടെ മത്സരം സമനിലയിലാകുകയായിരുന്നു.
Content Highlight: Nathan McSweeney is likely to be dropped from Australia’s squad for the Boxing Day Test