| Saturday, 18th February 2023, 11:31 am

ഒരോവറില്‍ ലബുഷാനെയും സ്മിത്തിനെയും പുറത്താക്കിയ അശ്വിന്റെ ചെക്കിന് നഥാന്‍ ലിയോണിന്റെ മറുചെക്ക്; ഇത് സ്പിന്‍ ബൗളിങ്ങിന്റെ വശ്യത

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരുങ്ങുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സില്‍ നിന്നും രണ്ടാം ദിവസം കളിയാരംഭിച്ച ഇന്ത്യക്ക് 22 ഓവറിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

വിരാട് കോഹ്‌ലിയുടെ ദി വേഴ്‌സ്റ്റ് നൈറ്റ്‌മെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നഥാന്‍ ലിയോണ്‍ ഇന്ത്യയുടെ തന്നെ ദുസ്വപ്നമായി മാറുന്ന കാഴ്ചയാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കാണുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെയുമടക്കം ഇന്ത്യന്‍ വിക്കറ്റുകള്‍ ഒന്നാകെ കടപുഴക്കിയെറിഞ്ഞത് നഥാന്‍ ലിയോണ്‍ ആയിരുന്നു.

കെ.എല്‍. രാഹുലിനെ വീഴ്ത്തിക്കൊണ്ടായിരുന്നു ലിയോണ്‍ തുടങ്ങിയത്. 41 പന്തില്‍ നിന്നും 17 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുക്കി രാഹുലിനെ ലിയോണ്‍ പവലിയനിലേക്ക് മടക്കിയയച്ചു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറിലായിരുന്നു ലിയോണിലൂടെ ഓസീസിന്റെ പകവീട്ടല്‍ ഇന്ത്യയറിഞ്ഞത്. ഒരു ഓവറിലെ രണ്ട് പന്തില്‍ മാര്‍നസ് ലബുഷാനെയും സ്റ്റീവ് സ്മിത്തിനെയും അശ്വിന്‍ എങ്ങനെ പുറത്താക്കിയോ അതുപോലെ ഒരു ഓവറില്‍ തന്നെ ലിയോണ്‍ ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

19ാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ ലിയോണ്‍ നാലാം പന്തില്‍ പൂജാരയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി. ഇന്ത്യക്കായി തന്റെ കരിയറിലെ നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ പൂജാരയെ പൂജ്യത്തിന് പുറത്താക്കിയായിരുന്നു ലിയോണ്‍ തന്റെ കടമ നിര്‍വഹിച്ചത്.

ലിയോണിന്റെ വെട്ടിവീഴ്ത്തല്‍ അവിടെയും അവസാനിച്ചില്ല. 15 പന്തില്‍ നിന്നും നാല് റണ്‍സുമായി ക്രീസില്‍ നിന്ന ശ്രേയസ് അയ്യരെയും ലിയോണ്‍ മടക്കി. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന് ക്യാച്ച് നല്‍കിയായിരുന്നു അയ്യരുടെ മടക്കം.

ഇതുവരെ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് ഓവര്‍ പന്തെറിഞ്ഞ ലിയോണ്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്.

അക്ഷരാര്‍ത്ഥത്തില്‍ സ്പിന്‍ ബൗളിങ്ങിന്റെ ഇന്ദ്രജാലം ദല്‍ഹിയിലെ കാണികള്‍ക്ക് കാണിച്ചുകൊടുക്കും പോലെയായിരുന്നു ലിയോണ്‍ ഇന്ത്യയെ കറക്കിവീഴ്ത്തിയത്.

നിലവില്‍ 31 ഓവര്‍ പിന്നിടുമ്പോള്‍ 31ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 13 റണ്‍സുമായി വിരാട് കോഹ്‌ലിയും എട്ട് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

Content Highlight: Nathan Lyons’ incredible bowling performance in India vs Australia 2nd test

We use cookies to give you the best possible experience. Learn more