| Friday, 27th December 2024, 3:15 pm

വീഡിയോ: ഒന്ന് റിവ്യൂ ചോദിച്ചതിനാണോ ഇവന്‍മാര്‍ ഇങ്ങനെ ചിരിക്കുന്നത്; കമന്റേറ്റര്‍മാരുടെ കൂട്ടച്ചിരി, പുറത്തായി ലിയോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ 164ന് അഞ്ച് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.

സ്റ്റീവ് സ്മിത്തിന്റെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും പാര്‍ട്ണര്‍ഷിപ്പോടെയാണ് മത്സരത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. സ്മിത്തിനൊപ്പം ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കമ്മിന്‍സ് തന്റെ റോള്‍ ഗംഭീരമാക്കിയത്.

കമ്മിന്‍സ് പുറത്തായെങ്കിലും പിന്നാലെയെത്തിവരെ മറുവശത്ത് നിര്‍ത്തി സ്മിത്ത് മികച്ച രീതിയില്‍ ഓസീസിനെ മുമ്പോട്ട് നയിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഓസീസ് 474ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

അവസാന വിക്കറ്റായി നഥാന്‍ ലിയോണിനെയാണ് ഓസ്‌ട്രേലിയക്ക് നഷ്ടപ്പെട്ടത്. സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്.

പന്ത് ലിയോണിന്റെ പാഡില്‍ കൊണ്ടതിന് പിന്നാലെ ബുംറയും സഹതാരങ്ങളും അപ്പീല്‍ ചെയ്തിരുന്നു. അമ്പയര്‍ ഔട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം ലിയോണ്‍ ചലഞ്ച് ചെയ്യുകയായിരുന്നു.

അമ്പയറിന്റെ തീരുമാനത്തോട് വിയോജിച്ച ലിയോണ്‍ റിവ്യൂ എടുത്ത രീതിയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പവലിയനിലേക്ക് തിരിച്ചുനടന്നുകൊണ്ടാണ് താരം റിവ്യൂ ആവശ്യപ്പെട്ടത്. തേര്‍ഡ് അമ്പയര്‍ പരിശോധിക്കും മുമ്പ് തന്നെ താരം കളം വിടുകയും ചെയ്തു.

ലിയോണിന്റെ ഈ വിചിത്രമായ റിവ്യൂ കണ്ട കമന്റേറ്റര്‍മാര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. ഏഴ് പന്തില്‍ ആറ് റണ്‍സുമായി റിഷബ് പന്തും ഏഴ് പന്തില്‍ നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ താരം യശസ്വി ജെയ്സ്വാളിന്റെ ചെറുത്തുനില്‍പ്പാണ് രണ്ടാം ദിവസം ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 118 പന്തില്‍ 82 റണ്‍സ് നേടി നില്‍ക്കവെ നിര്‍ഭാഗ്യകരമായ രീതിയില്‍ താരം പുറത്താവുകയായിരുന്നു. 86 പന്തില്‍ 36 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇതുവരെയുള്ള മികച്ച റണ്‍ ഗെറ്റര്‍.

കെ.ഐല്‍. രാഹുല്‍ 42 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ആകാശ് ദീപ് 13 പന്ത് നേരിട്ട് പൂജ്യത്തിനും പുറത്തായി.

Content highlight: Nathan Lyons funny referral after LBW

We use cookies to give you the best possible experience. Learn more