ബല്ലാത്ത ജാതി ആശംസകളായിപ്പോയി, ചിരിയും കണ്ണീരും ഒറ്റ മത്സരത്തില്‍; സെഞ്ച്വറി തികച്ച് റെക്കോഡുമിട്ട് പുറത്തേക്ക്
THE ASHES
ബല്ലാത്ത ജാതി ആശംസകളായിപ്പോയി, ചിരിയും കണ്ണീരും ഒറ്റ മത്സരത്തില്‍; സെഞ്ച്വറി തികച്ച് റെക്കോഡുമിട്ട് പുറത്തേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st July 2023, 8:55 am

ആഷസിന്റെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ നഥാന്‍ ലയണിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ നഥാന്‍ ലയണിന്റെ അഭാവം ഓസീസിന്റെ ബൗളിങ് നിരയെ കാര്യമായി തന്നെ ബാധിച്ചേക്കും.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫീല്‍ഡിങ്ങിനിടെയായിരുന്നു ലയണിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 182ല്‍ നില്‍ക്കുമ്പോഴാണ് ലയണിന് കാലില്‍ പരിക്കേല്‍ക്കുന്നത് (Calf Injury).

 

 

ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ ഹുക്ക് ഷോട്ട് ഡീപ് സ്‌ക്വയര്‍ ലെഗിന് സമീപം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച ലയണിന് പിഴക്കുകയായിരുന്നു.

പരിക്കിന് പിന്നാലെ വളരെ പണിപ്പെട്ടാണ് ലയണ്‍ നടന്നുനീങ്ങിയത്. പരിക്കിന്റെ വേദന അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നു. ലയണിന് പകരക്കാരനായി മാറ്റ് റെന്‍ഷോയെ ആണ് ഓസീസ് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറക്കിയത്.

ലയണിന്റെ അഭാവത്തില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ യുവതാരം മാത്യു കുന്‍മാനെയാകും ഓസീസ് കളത്തിലിറക്കുക. ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കുന്‍മാന്‍ മികച്ച പ്രകടനമാണ് ഇന്ത്യക്കെതിരെ നടത്തിയത്. പരമ്പരയില്‍ മൂന്ന് മത്സരം കളിച്ച താരം ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം ഒമ്പത് വിക്കറ്റാണ് സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ തന്റെ പേരെഴുതിവെച്ച അതേ മത്സരത്തില്‍ തന്നെയാണ് ലയണിന്റെ കണ്ണീര്‍ വീണതെന്നതും ശ്രദ്ധേയമാണ്. ഒറ്റ മത്സരം പോലും നഷ്ടപ്പെടാതെ തുടര്‍ച്ചയായി നൂറ് മത്സരം കളിച്ച ചരിത്രത്തിലെ ആദ്യ ബൗളര്‍ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയ അതേ മത്സരത്തില്‍ തന്നെ പരിക്കേല്‍ക്കുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ പുറത്താവുകയും ചെയ്ത നിര്‍ഭാഗ്യമാണ് ലയണിനെ തേടിയെത്തിയിരിക്കുന്നത്.

 

പരിക്കേറ്റ് കളം വിടുന്നതിന് മുമ്പേ 13 ഓവര്‍ പന്തെറിഞ്ഞ താരം 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ലയണിന്റെ ഈ പരിക്ക് ആരാധകരെ ഭൂതകാലത്തിന്റെ ഓര്‍മകളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. 2005ല്‍ ഗ്ലെന്‍ മഗ്രാത്തിന് പരിക്കേറ്റ് പരമ്പര നഷ്ടമായതും നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ആഷസ് നേടിയതുമെല്ലാം ആരാധകര്‍ ഓര്‍ത്തെടുക്കുന്നുണ്ടാകും.

 

 

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നഥാന്‍ ലയണിന്റെ അഭാവം മുതലെടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ലോകചാമ്പ്യന്‍മായതിന് ശേഷം ഓസീസിന്റെ കണ്ണീര്‍ വീഴുമെന്നുറപ്പാണ്.

 

 

Content highlight: Nathan Lyon to miss remaining matches in Ashes: Reports