ആഷസിലെ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഡേവിഡ് മലനെ പുറത്താക്കിയതോടെ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നഥാന്‍ ലിയോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ടാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം നഥാണ്‍ ലിയോണ്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.
ടെസ്റ്റില്‍ 400 വിക്കറ്റ് എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ നോണ്‍ ഏഷ്യന്‍ സ്പിന്നറാണ് ലിയോണ്‍. ഓസ്‌ട്രേലിയയിലെ തന്നെ സ്പിന്‍ മാന്ത്രികനായ ഷെയ്ന്‍ വോണ്‍ ആയിരുന്നു ഈ നേട്ടം കൈവരിച്ച ആദ്യ ഏഷ്യക്കാരനല്ലാത്ത ബൗളര്‍.
ഇതുവരെ 17 ബൗളര്‍മാരാണ് ഈ നേട്ടം കൈവരിച്ചത്. ഇതില്‍ ഏഴ് പേരും സ്പിന്നേഴ്‌സും, അഞ്ച് പേര്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് ബൗളേഴ്‌സുമാണ്.
800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരന്‍ നയിക്കുന്ന ലിസ്റ്റില്‍ ഷെയ്ന്‍ വോണ്‍, ഹര്‍ഭജന്‍ സിങ്, ആര്‍.അശ്വിന്‍, അനില്‍ കുബ്ലെ, രംഗന ഹെറാത്ത് എന്നിവരാണ് നഥാന്‍ ലിയോണിന് മുന്നിലുള്ളത്.
പൊതുവെ പേസര്‍മാര്‍ വാഴുന്ന ഓസ്‌ട്രേയിലിയന്‍ ഗ്രൗണ്ടുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതായിരുന്നു ലിയോണിന്റെ പ്രത്യേകത. ഷെയ്ന്‍ വോണിന്റെ കാലഘട്ടത്തിന് ശേഷം സ്പിന്നര്‍മാര്‍ക്ക് വരള്‍ച്ച അനുഭവിച്ചിരുന്ന ഓസ്ട്രയിലിയന്‍ ടീമിലേക്കായിരുന്നു ലിയോണിന്റെ കടന്നുവരവ്.
2010ല്‍ അഡ്ലെയ്ഡിലെ ഗ്രൗണ്ട് സ്റ്റാഫ് മാത്രമായിരുന്നു അദ്ദേഹം. പിന്നീട് ബിഗ് ബാഷ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ ഓസ്‌ട്രേയിലിയന്‍ ടെസ്റ്റ് ടീമില്‍ അംഗമായി.
2011ല്‍ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ കുമാര്‍ സംഗക്കാരയെ പുറത്താക്കി കൊണ്ടാണ് കരിയര്‍ ആരംഭിച്ചത്. ഓസ്ട്രയിലിയ്ക്കായി ഇതുവരെ 101 ടെസ്റ്റുകളില്‍ നിന്നും 403 വിക്കറ്റുകളാണ് താരം നേടിയത്.
400 വിക്കറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ 326 ദിവസമാണ് ലിയോണ്‍ കാത്തിരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു താരം തന്റെ 399ാം വിക്കറ്റ് നേടിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nathan Lyon, the second non-Asian spinner with 400 Test wickets