അവർ മൂന്ന് പേരുമായിരിക്കും ബോർഡർ ഗവാസ്കർ ട്രോഫിയിലെ പ്രധാന താരങ്ങളാവുക: നഥാൻ ലിയോൺ
Cricket
അവർ മൂന്ന് പേരുമായിരിക്കും ബോർഡർ ഗവാസ്കർ ട്രോഫിയിലെ പ്രധാന താരങ്ങളാവുക: നഥാൻ ലിയോൺ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 4:08 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോഴിതാ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു ഓസീസ് സൂപ്പര്‍താരം.

‘രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, റിഷബ് പന്ത് എന്നിവരായിരിക്കും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ വലിയ പേരുകളില്‍ മുന്‍ നിരയില്‍ ഉണ്ടാവുക,’ ഓസ്ട്രേലിയന്‍ സ്പിന്നര്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്.

ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.

ഇന്ത്യയ്ക്കായി റെഡ് ബോള്‍ ക്രിക്കറ്റില്‍ 2018ല്‍ അരങ്ങേറ്റം കുറിച്ച പന്ത് 33 മത്സരങ്ങളില്‍ 56 ഇന്നിങ്സുകളില്‍ നിന്നും 2271 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്.

രോഹിത് ശര്‍മ 59 ടെസ്റ്റ് മത്സരങ്ങളില്‍ 101 ഇന്നിങ്‌സുകളില്‍ നിന്നും 4937 റണ്‍സാണ് നേടിയത്. 12 സെഞ്ച്വറികളും 17 അര്‍ധസെഞ്ച്വറികളുംമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും റെഡ് ബോള്‍ ക്രിക്കറ്റില്‍ പിറന്നിട്ടുള്ളത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര നേടാനുമായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

 

Content Highlight: Nathan Lyon Talks The Big Three Players in Border Gavasker Trophy