ആ മൂന്ന് താരങ്ങള്‍ക്കെതിരെ ഞങ്ങള്‍ ബുദ്ധിമുട്ടും, പക്ഷെ ഞങ്ങളുടെ ബൗളിങ് നിര അവരെ വെല്ലുവിളിക്കുന്നു: നഥാന്‍ ലിയോണ്‍
Sports News
ആ മൂന്ന് താരങ്ങള്‍ക്കെതിരെ ഞങ്ങള്‍ ബുദ്ധിമുട്ടും, പക്ഷെ ഞങ്ങളുടെ ബൗളിങ് നിര അവരെ വെല്ലുവിളിക്കുന്നു: നഥാന്‍ ലിയോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 11:45 am

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 26 മുതലാണ് ആരംഭിക്കുന്നത്.

പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളര്‍ നഥാന്‍ ലിയോണ്‍ ഇന്ത്യന്‍ ബാറ്റര്‍മാരെക്കുറിച്ച് സംസാരിച്ചിരുന്നു. നേരിടാന്‍ പ്രയാസമുള്ള താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, റിഷബ് പന്ത് എന്നിവരാണെന്നാണ് ലിയോണ്‍ പറഞ്ഞത്.

‘ രോഹിത്തും വിരാടും റിഷബ് പന്തും ഞങ്ങള്‍ക്ക് നേരിടാന്‍ ബുദ്ധിമുട്ടുള്ള വലിയ താരങ്ങളാണ്. മറ്റൊരു ഭാഗത്ത് യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ജഡേജയുമുണ്ട്, അവര്‍ എങ്ങനെയാകുമെന്ന് ഉറപ്പില്ല. അവര്‍ക്ക് മികച്ച ഒരു ലൈന്‍ അപ്പ് ഉണ്ട്.

അത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഞാന്‍ പറഞ്ഞ പ്രകാരം ഒരു ബൗളിങ് ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ പ്രതിരോധത്തെ ഞങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ പറ്റുമെന്ന് വെല്ലുവിളിക്കാന്‍ സാധിക്കും,’ നഥാന്‍ ലിയോണ്‍ പറഞ്ഞു.

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു. അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ക്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

 

Content Highlight: Nathan Lyon Talking About Indian Batters