| Sunday, 3rd March 2024, 9:03 am

ഒറ്റ മത്സരത്തില്‍ പത്ത് വിക്കറ്റ്; 18 വര്‍ഷത്തെ റെക്കോഡും തകര്‍ത്ത് ചരിത്രനേട്ടത്തിലേക്ക് ലിയോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. കിവീസിനെ 172 റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 369 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ കിവീസ് 196 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ രണ്ട് ഇന്നിങ്‌സുകളിലായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നഥാന്‍ ലിയോണ്‍ നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ ആണ് ലിയോണ്‍ നേടിയത്.

27 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 65 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.41 ആണ് താരത്തിന്റെ എക്കോണമി.

നേരത്തെ ആദ്യ ഇന്നിങ്‌സിലും നഥാന്‍ ലിയോണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് വിക്കറ്റുകളാണ് താരം ആദ്യ ഇന്നിങ്‌സില്‍ നേടിയത്. 8.1 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 43 റണ്‍സ് വിട്ടുനല്‍കിയാണ് ലിയോണ്‍ നാലു വിക്കറ്റുകള്‍ നേടിയത്.

ഇതിനു പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് ഓസ്‌ട്രേലിയന്‍ സ്പിന്നറെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന പത്താം സ്പിന്നറായി മാറിയിരിക്കുകയാണ് നഥാന്‍ ലിയോണ്‍.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കി. 2006 നുശേഷം ന്യൂസിലാന്‍ഡില്‍ വച്ച് നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ പത്തു വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ സ്പിന്നര്‍ എന്ന നേട്ടമാണ് ലിയോണ്‍ സ്വന്തം പേരിലാക്കി മാറ്റിയത്.

രണ്ടാം ഇന്നിങ്‌സില്‍ ലിയോണിന് പുറമേ ജോഷ് ഹെസല്‍വുഡ് രണ്ട് വിക്കറ്റുകളും ട്രാവിസ്‌ ഹെഡ് ക്യാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ നിന്നും 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സും ആണ് രചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഡാറില്‍ മിച്ചല്‍ 130 പന്തില്‍ 38 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഓസീസ് ബൗളര്‍മാര്‍ കിവീസിനെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഓസ്‌ട്രേലിയക്ക് സാധിച്ചു. മാര്‍ച്ച് എട്ട് മുതല്‍ 12 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഹാഗ്ലി ഓവലാണ് വേദി.

Content Highlight: Nathan Lyon take ten wickets against New zealand

Latest Stories

We use cookies to give you the best possible experience. Learn more