| Friday, 30th June 2023, 8:41 am

ചരിത്രം കുറിച്ചതിന് പിന്നാലെ കണ്ണീര്‍; ആഷസില്‍ ഓസീസ് പ്രതീക്ഷകള്‍ ഇല്ലാതാകുന്നോ? 2005 ആവര്‍ത്തിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ താരം നഥാന്‍ ലയണിന് പരിക്കേറ്റതോടെയാണ് ഓസീസ് പരുങ്ങലിലായിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ബൗളിങ് കുന്തമുനയായ ലയണിന്റെ പരിക്ക് പരമ്പരയുടെ ഭാവി തന്നെ നിശ്ചയിച്ചേക്കും.

ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 182ല്‍ നില്‍ക്കുമ്പോഴാണ് ലയണിന് പരിക്കേല്‍ക്കുന്നത്. ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ ഹുക്ക് ഷോട്ട് ഡീപ് സ്‌ക്വയര്‍ ലെഗിന് സമീപം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച ലയണിന് പിഴക്കുകയായിരുന്നു.

പരിക്കിന് പിന്നാലെ വളരെ പണിപ്പെട്ടാണ് ലയണ്‍ നടന്നുനീങ്ങിയത്. പരിക്കിന്റെ വേദന അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ലയണിന് പകരക്കാരനായി മാറ്റ് റെന്‍ഷോയെ ആണ് ഓസീസ് സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറക്കിയത്.

താരത്തിന്റെ പരിക്കിനെ കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും കാര്യമായ അപ്‌ഡേറ്റൊന്നും പുറത്തുവിട്ടിട്ടില്ല. ലയണിന് പരിക്കേറ്റിട്ടുണ്ടെന്നും മത്സരശേഷം പരിശോധനക്ക് വിധേയമാക്കുമെന്നും മാത്രമാണ് ബോര്‍ഡ് പറയുന്നത്.

എന്നാല്‍ താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഈ പരമ്പര പൂര്‍ണമായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഓസ്‌ട്രേലിയക്ക് കാര്യങ്ങള്‍ കൈവിട്ടുപോകാനും സാധ്യതകളേറെയാണ്.

ലയണിന്റെ പരിക്കിന് പിന്നാലെ 2005 ആഷസ് പരമ്പരക്കിടെ ഗ്ലെന്‍ മഗ്രാത്തിന് പരിക്കേറ്റതാണ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തിയത്. പരിക്കിന് പിന്നാലെ മഗ്രാത്തിന് പരമ്പരയിലെ പല മത്സരങ്ങളും നഷ്ടമാവുകയും 18 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ആഷസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായ നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡും ആറാമത് താരം എന്ന റെക്കോഡും കൈപ്പിടിയിലൊതുക്കിയ അതേ മത്സരത്തില്‍ തന്നെയാണ് ലയണിന് പരിക്കേറ്റതെന്നതും ശ്രദ്ധേയമാണ്.

പരിക്കേറ്റ് കളം വിടുന്നതിന് മുമ്പേ 13 ഓവര്‍ പന്തെറിഞ്ഞ താരം 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 416 റണ്‍സിന് പുറത്തായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

184 പന്തില്‍ നിന്നും സ്മിത്ത് 110 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 77 റണ്‍സുമായി ട്രാവിസ് ഹെഡും 66 റണ്‍സുമായി ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.

ഇംഗ്ലണ്ടിനായി ആദ്യ ടെസ്റ്റില്‍ ഒലി റോബിന്‍സണും ജോഷ് ടങ്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോ റൂട്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 278 എന്ന നിലയിലാണ്. 51 പന്തില്‍ നിന്നും 45 റണ്‍സ് നേടിയ ഹാരി ബ്രൂക്കും 57 പന്തില്‍ നിന്നും 17 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.

Content highlight: Nathan Lyon suffers injury during 2nd Test

We use cookies to give you the best possible experience. Learn more