കിവികളെ എറിഞ്ഞുവീഴ്ത്തി ചരിത്ര നേട്ടത്തിലേക്ക്; കോട്‌നിയേയും മറികടന്ന് നഥാന്‍ ലിയോണ്‍
Sports News
കിവികളെ എറിഞ്ഞുവീഴ്ത്തി ചരിത്ര നേട്ടത്തിലേക്ക്; കോട്‌നിയേയും മറികടന്ന് നഥാന്‍ ലിയോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 3:59 pm

ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയ 383 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 179 റണ്‍സിനും പുറത്തായി. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സിലാണ്.

നിലവില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂജ്യത്തിനും മാര്‍നസ് ലബുഷാന്‍ രണ്ട് റണ്‍സിനും പുറത്തായിരിക്കുകയാണ്. ക്രീസില്‍ അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖവാജയും ആറ് റണ്‍സുമായി നഥാന്‍ ലിയോണുമാണ്.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയന്‍ ബൗളിങ് നിരയില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് നാഥന്‍ ലിയോണ്‍ ആണ്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം നേടിയത്. കിവീസിന്റെ അടിവേര് ഇളക്കിയത് താരത്തിന്റെ തകര്‍പ്പന്‍ സ്പിന്‍ ബൗളിങ് ആണ്.

ടോം ബ്ലണ്ടല്‍ (33), സ്‌കോട്ട് കുഗെലെജിന്‍ (0), മാറ്റ് ഹെന്‍ട്രി (42), ടിം സൗത്തി (1) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഏഴാമത് താരമാകാനാണ് താരത്തിന് സാധിച്ചത്. ലെജന്‍ഡ്‌സ് ക്ലബില്‍ കോട്‌നി വല്‍ഷിനെ മറികടന്നുകൊണ്ടാണ് ലിയോണ്‍ റെക്കോഡ് സ്വന്തമാക്കിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം, ടീം, വിക്കറ്റ് എന്ന ക്രമത്തില്‍

 

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 800

ഷേന്‍ വോണ്‍ – ഓസ്‌ട്രേലിയ – 708

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 698

അനില്‍ കുംബ്ലെ – ഇന്ത്യ – 619

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 604

ഗ്ലെന്‍ മഗ്രാത്ത് – ഓസ്‌ട്രേലിയ – 563

നാഥന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 521

കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 519

രവിചന്ദ്രന്‍ അശ്വിന്‍ – ഇന്ത്യ – 507

 

മത്സരത്തില്‍ പ്രതീക്ഷക്ക് വിപരിതമായിട്ടായിരുന്നു കിവീസിന്റെ ബാറ്റിങ് തുടങ്ങിയത്. ഓപ്പണര്‍മാരായ ടോ ലാഥം അഞ്ച് റണ്‍സിനും വില്‍ യങ് ഒമ്പത് റണ്‍സിനും പുറത്താവുകയായിരുന്നു. തുടര്‍ന്ന് ന്യൂസിലാന്‍ഡിന്റെ ക്ലാസ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ രണ്ടു പന്ത് കളിച്ച പൂജ്യം റണ്‍സിനാണ് പുറത്തായത്. ഒരു സിംഗിള്‍ എടുക്കാനുള്ള ശ്രമത്തില്‍ മാര്‍നസ് ലബുഷാന്റെ കൈകൊണ്ട് റണ്‍ഔട്ട് ആവുകയായിരുന്നു വില്യംസണ്‍. 2012 ന് ശേഷം ആദ്യമായാണ് വില്യംസണ്‍ ടെസ്റ്റില്‍ റണ്‍ഔട്ട് ആകുന്നത്. എന്നാല്‍ ഇരട്ട പ്രഹരമായി അടുത്ത വിക്കറ്റും ഒട്ടും വൈകാതെ കിവീസിന് നഷ്ടമായി. പ്രതീക്ഷക്ക് വിപരീതമായി രചിന്‍ രവീന്ദ്രയും പൂജ്യത്തിന് പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് 37 പന്തില്‍ നിന്ന് 11 നേടിയ ഡാരില്‍ മിച്ചല്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ ടോം ബ്ലെണ്ടല്‍ 43 പന്തും നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 33 റണ്‍സ് നേടി പിടിച്ചുനിന്നു.
ഗ്ലെന്‍ ഫിലിപ്പാണ് കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 70 പന്തില്‍ നിന്ന് 13 ബൗണ്ടറികള്‍ അടക്കം 71 റണ്‍സാണ് താരം അടിച്ചെടുത്തത്. 101.43 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

സ്‌കോട്ട് കുഗെലജിന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മാറ്റ് ഹെന്‍ട്രി 34 പന്തില്‍ നിന്ന് നാല് സിക്സറുകളും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി കിടിലന്‍ പ്രകടനം നടത്തി. ഫിലിപ്സിന്റെയും ഹെന്‍ട്രിയുടെയും തകര്‍പ്പന്‍ ഇന്നിങ്സ് ആണ് കിവീസിനെ കരകയറ്റിയത്.

ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് മെയ്ഡന്‍ അടക്കം 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ജോഷ് ഹേസല്‍വുഡ് 55 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടു മെയ്ഡന്‍ അടക്കം 33 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മാഷും ഒരു വിക്കറ്റ് സംഭാവന നല്‍കി.

 

Content highlight: Nathan Lyon In Record Achievement