ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോഡിനുടമയായി ഓസ്‌ട്രേലിയന്‍ മിസ്റ്ററി സ്പിന്നര്‍ നഥാന്‍ ലയണ്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ നൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ബൗളര്‍ എന്ന നേട്ടമാണ് ലയണ്‍ തന്റെ പേരിലാക്കിയിരിക്കുന്നത്.
ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം നേടിയതോടെയാണ് ലയണ്‍ ചരിത്രം കുറിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ നൂറ് മത്സരം കളിക്കുന്ന ആറാമത് മാത്രം താരവും മൂന്നാമത് ഓസ്‌ട്രേലിയന്‍ താരവുമാണ് ലയണ്‍.
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, യൂനിസ് ഖാന്‍, റിക്കി പോണ്ടിങ് തുടങ്ങിയവര്‍ക്കൊന്നുമില്ലാത്ത റെക്കോഡ് നേട്ടമാണ് ലയണ്‍ തന്റെ പേരില്‍ കുറിച്ചത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ഒന്നാമനായ ലിസ്റ്റില്‍ ആറാമനായാണ് ലണ്‍ ഇടം നേടിയിരിക്കുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി നൂറ് മത്സരം കളിക്കുന്ന താരങ്ങള്‍
(താരം – രാജ്യം – തുടര്‍ച്ചയായി കളിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍)
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 159
സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 153
മാര്‍ക് വോ – ഓസ്‌ട്രേലിയ – 107
സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 106
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 101
നഥാന്‍ ലയണ്‍ – ഓസ്‌ട്രേലിയ – 100*
ഈ പട്ടികയിലെ ഏക ബൗളര്‍ എന്നതാണ് ലയണിന്റെ നേട്ടത്തെ ഏറെ മനോഹരമാക്കുന്നത്.
എഡ്ജ്ബാസ്റ്റണില്‍ നടന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ലയണ്‍ പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 29 ഓവര്‍ പന്തെറിഞ്ഞ് 149 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ 24 ഓവറില്‍ 80 റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.
2011ല്‍ ശ്രീലങ്കക്കെതിരെയാണ് ലയണ്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്നുതൊട്ടിന്നോളം 121 ടെസ്റ്റ് മത്സരങ്ങളിലെ 227 ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞ് 495 വിക്കറ്റുകളാണ് ലയണ്‍ നേടിയത്. അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ 500 വിക്കറ്റ് എന്ന ചരിത്രനേട്ടത്തിലേക്കും താരത്തിന് കാലെടുത്ത് വെക്കാന്‍ സാധിക്കും.
22 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ലയണ്‍ 23 തവണ അഞ്ച് വിക്കറ്റ് നേട്ടവും കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്‌സിലെ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രടനം. മത്സരത്തിലേക്ക് വരുമ്പോള്‍ 154 റണ്‍സിന് 13 വിക്കറ്റ് സ്വന്തമാക്കിയതാണ്.
ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് ലയണ്‍. ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഓസീസിന്റെ സൂപ്പര്‍ താരം.
Content highlight: Nathan Lyon has become the first bowler to play 100 consecutive matches in the Test format.