ക്രിക്കറ്റ് കണ്ട എക്കാലത്തേയും മഹാരഥനാണ് ഷെയ്ന്‍ വോണ്‍. തന്റെ കരിയറില്‍ നേട്ടങ്ങളുടെ കളിത്തോഴനായ വോണ്‍ നേടിയത് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ്. അതില്‍ പലതും ഇന്നും തകര്‍ക്കപ്പെടാതെ വോണിന്റെ പേരില്‍ തന്നെ തുടരുകയുമാണ്.
എന്നാലിപ്പോള്‍ താരത്തിന്റെ പേരിലുള്ള ഒരു സൂപ്പര്‍ റെക്കോഡിന് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. വോണിന്റെ നേട്ടത്തിനൊപ്പമെത്തിയതാകട്ടെ മറ്റൊരു ഓസ്‌ട്രേലിയന്‍ താരവും.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലാണ് വോണിന്റെ റെക്കോഡിന് ഭീഷണിയുമായി ഓസീസ് സൂപ്പര്‍ താരമായ നഥാന്‍ ല്യോണ്‍ രംഗപ്രവേശം ചെയ്തത്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായാണ് താരം തിളങ്ങിയത്.
ഇതോടെയാണ് താരം വോണിന്റെ നേട്ടത്തിനൊപ്പമെത്തിയത്. ഏഷ്യന്‍ മണ്ണില്‍ ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന വിസിറ്റിങ് സ്പിന്നര്‍ എന്ന റെക്കോഡിനൊപ്പമാണ് ല്യോണ്‍ എത്തിയിരിക്കുന്നത്. ഒമ്പത് തവണയാണ് ഇരുവരും ഏഷ്യന്‍ മണ്ണില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരിക്കുന്നത്.
20ാം തവണയാണ് ല്യോണ്‍ കരിയറില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്.
ആദ്യ ടെസ്റ്റില്‍ സിംഹളപ്പടയുടെ നട്ടെല്ലൊടിച്ചാണ് ല്യോണ്‍ വിക്കറ്റ് നേട്ടം കൊയ്തത്. ഓപ്പണിങ് ബാറ്റര്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നയെ വീഴ്ത്തിക്കൊണ്ടായിരുന്നു ല്യോണ്‍ തുടങ്ങിയത്. 84 പന്തില്‍ നിന്നും 28 റണ്‍സെടുത്ത് നില്‍ക്കവെ കരുണരത്‌നയെ വാര്‍ണറിന്റെ കൈകളിലെത്തിച്ച് ല്യോണ്‍ ഓസീസിനാവശ്യമായ മൊമെന്റം നല്‍കി.
തുടര്‍ന്ന് അപകടകാരികളായ എയ്ഞ്ചലോ മാത്യൂസിനെയും നിരോഷന്‍ ഡിക്‌വെല്ലയെയും വീഴ്ത്തി ടീമിന് ആവശ്യമായ ബ്രോക്ക് ത്രൂവും താരം നല്‍കി. 71 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ എയ്ഞ്ചലോ മാത്യൂസും 59 പന്തില്‍ 58 റണ്‍സെടുത്ത ഡിക്‌വെല്ലയും ല്യോണിന്റെ പന്തില്‍ പുറത്താവുന്നത്.
തുടര്‍ന്ന് രമേഷ് മെന്‍ഡിസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും ലസിത് എംബുല്‍ഡെനിയയെ ഖവാജയുടെ കൈകളിലെത്തിച്ചും ല്യോണ്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.
ല്യോണിന്റെ ബൗളിങ് മികവില്‍ 212 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടാവുകയായിരുന്നു. 58 റണ്‍സെടുത്ത ഡിക്‌വെല്ലയാണ് ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 98ന് മൂന്ന് എന്ന നിലിലാണ്. ഡേവിഡ് വാര്‍ണറിന്റെയും മാര്‍കസ് ലബുഷാനിന്റെയും സ്റ്റീവ് സ്മിത്തിന്റെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
26 പന്തില്‍ നിന്നും 47 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 11 പന്തില്‍ 6 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
Content highlight: Nathan Lyon equals Shane Warne’s world record