മുത്തയ്യ എന്നേ വീണു, ഇനി മുന്നിലുള്ളത് വോൺ മാത്രം; ചരിത്രനേട്ടത്തിൽ രണ്ടാമൻ ലിയോൺ
Cricket
മുത്തയ്യ എന്നേ വീണു, ഇനി മുന്നിലുള്ളത് വോൺ മാത്രം; ചരിത്രനേട്ടത്തിൽ രണ്ടാമൻ ലിയോൺ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 11:28 am

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 172 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. 369 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 196 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ രണ്ട് ഇന്നിങ്‌സുകളിലായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയ നഥാന്‍ ലിയോണാണ് കിവീസിനെ തകര്‍ത്തത്.

നാലാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ ആണ് ലിയോണ്‍ നേടിയത്. 27 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 65 റണ്‍സ് വിട്ടുനല്‍കിയാണ് ലിയോണ്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ നഥാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു. 8.1 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 43 റണ്‍സ് വിട്ടുനല്‍കിയാണ് ലിയോണ്‍ നാലു വിക്കറ്റുകള്‍ നേടിയത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ലിയോണ്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് നേട്ടമാണ് നഥാന്‍ ലിയോണ്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ നാലാം ഇന്നിങ്‌സില്‍ 119 വിക്കറ്റുകള്‍ ആണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ പേരിലുള്ളത്.

ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ്. 138 വിക്കറ്റുകളാണ് വോണ്‍ നാലാം ഇന്നിങ്‌സില്‍ വീഴ്ത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം, രാജ്യം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍- ഓസ്‌ട്രേലിയ-138

നഥാന്‍ ലിയോണ്‍-ഓസ്‌ട്രേലിയ-119

രംഗന ഹെറാത്ത്-ശ്രീലങ്ക-115

മുത്തയ്യ മുരളീധരന്‍-ശ്രീലങ്ക-106

ഗ്ലെന്‍ മഗ്രാത്ത്-ഓസ്‌ട്രേലിയ-103

അതേസമയം ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്ട്രേലിയ. മാര്‍ച്ച് എട്ട് മുതല്‍ 12 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഹാഗ്ലി ഓവലാണ് വേദി.

Content Highlight: Nathan Lyon create a new record