ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റ് എന്ന ഐതിഹാസിക നേട്ടത്തിന് തൊട്ടടുത്തെത്തി നഥാന്‍ ലിയോണ്‍. നിലവില്‍ 499 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെയാണ് ലിയോണ്‍ ഈ ചരിത്ര നേട്ടത്തിന് തൊട്ടടുത്തെത്തിയത്.
മത്സരത്തില്‍ അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, ആമിര്‍ ജമാല്‍ എന്നിവരെയാണ് ലിയോണ്‍ മടക്കിയത്. ഈ മത്സരത്തില്‍ തന്നെ 500 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് അവസരമുണ്ടായിരുന്നെങ്കിലും ഷഹീന്‍ അഫ്രിദിയെ ട്രാവിസ് ഹെഡ് പുറത്താക്കിയതോടെ ലിയോണിന് അവസരം നഷ്ടപ്പെടുകയായിരുന്നു.
എന്നാല്‍ ഈ ടെസ്റ്റില്‍ തന്നെ ലിയോണ്‍ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
നിലവില്‍ 123 മത്സരത്തിലെ 229 ഇന്നിങ്‌സില്‍ നിന്നുമാണ് താരം 499 വിക്കറ്റ് സ്വന്തമാക്കിയത്. 30.95 എന്ന ശരാശരിയിലും 2.93 എന്ന എക്കോണമിയിലും പന്തെറിയുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 63.25 ആണ്.
ടെസ്റ്റില്‍ 22 തവണ നാല് വിക്കറ്റ് നേട്ടവും 23 തവണ അഞ്ച് വിക്കറ്റ് നേട്ടവും ലിയോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. 2017ല്‍ ഇന്ത്യക്കെതിരെ 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് കരിയറിലെ മികച്ച പ്രകടനം.
അടുത്ത ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ എലീറ്റ് ലിസ്റ്റിലേക്കാണ് ലിയോണ്‍ നടന്നുകയറുക. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഏഴ് താരങ്ങള്‍ മാത്രം സ്വന്തമാക്കിയ 500 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.
500 വിക്കറ്റ് പൂര്‍ത്തിയാക്കിയാല്‍ മറ്റു പല നേട്ടങ്ങളും ലിയോണിന് സ്വന്തമാകും. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ എട്ടാമത് മാത്രം ബൗളര്‍, നാലാമത് മാത്രം സ്പിന്നര്‍, മൂന്നാമത് ഓസീസ് താരം എന്നിങ്ങനെ ആ ലിസ്റ്റ് നീളുകയാണ്.
അതേസമയം, ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ 84 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 106 പന്തില്‍ നിന്നും 34 റണ്‍സ് നേടി ഉസ്മാന്‍ ഖവാജയും 72 പന്തില്‍ 43 റണ്‍സടിച്ച സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ലബുഷാന്‍ രണ്ട് റണ്‍സിനും വീണു. ഖുറാം ഷഹസാദാണ് രണ്ട് പേരെയും മടക്കിയത്.
Content Highlight: Nathan Lyon completes 499 test wickets