ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് 172 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ 369 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ കിവീസ് 196 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസ്ട്രേലിയന്‍ ബൗളിങ് നിരയില്‍ രണ്ട് ഇന്നിങ്സുകളിലായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നഥാന്‍ ലിയോണ്‍ നടത്തിയത്. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ ആണ് ലിയോണ്‍ നേടിയത്. 27 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 65 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സില്‍ ലിയോണ്‍ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 8.1 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 43 റണ്‍സ് വിട്ടുനല്‍കിയാണ് ലിയോണ്‍ നാലു വിക്കറ്റുകള്‍ നേടിയത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ലിയോണ്‍ സ്വന്തമാക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 തവണ അഞ്ച് വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍ എന്ന നേട്ടമാണ് ലിയോണ്‍ സ്വന്തമാക്കിയത്.
ഒമ്പത് ഫൈഫറുകള്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനെ മറികടന്നുകൊണ്ടാണ് ലിയോണ്‍ ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.
ലിയോണിന് പുറമേ ജോഷ് ഹെസല്‍വുഡ് രണ്ട് വിക്കറ്റുകളും ട്രാവിസ് ഹെഡ് ക്യാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.
ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ നിന്നും 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്സും ആണ് രചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്ട്രേലിയ. മാര്‍ച്ച് എട്ട് മുതല്‍ 12 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഹാഗ്ലി ഓവലാണ് വേദി.
Content Highlight: Nathan Lyon breaks R. Ashwin record in WTC