ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. വിരാട് കോഹ്‌ലിയുടെ ദി വേഴ്‌സ്റ്റ് നൈറ്റ് മെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ 35കാരനെ ചര്‍ച്ചയിലേക്കുയര്‍ത്തിയത് ബൗളിങ്ങില്‍ പാലിക്കുന്ന അച്ചടക്കം തന്നെയാണ്.
ഇന്ത്യ-ഓസ്‌ട്രേലിയ നാഗ്പൂര്‍ ടെസ്റ്റില്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ പന്തെറിയാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ ലിയോണിന് സാധിച്ചു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു നോ ബോള്‍ പോലുമില്ലാതെ 30,000+ പന്തെറിഞ്ഞ ഏക താരമെന്ന റെക്കോഡാണ് ലിയോണ്‍ സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 30,000+ പന്തെറിയുന്ന ഏഴാമത് മാത്രം ബൗളറാണ് നഥാന്‍ ലിയോണ്‍. ഇന്ത്യ-ഓസ്‌ട്രേലിയ നാഗ്പൂര്‍ ടെസ്റ്റിലാണ് ലിയോണ്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ 13 മെയ്ഡനടക്കം 49 ഓവര്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റാണ് ലിയോണ്‍ സ്വന്തമാക്കിയത്. ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിനെയായിരുന്നു ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ട് ലിയോണ്‍ മടക്കിയത്.
11 വര്‍ഷത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസിന്റെ സ്ഥിരം സാന്നിധ്യമാണ് നഥാന്‍ ലിയോണ്‍. 2011 ഓഗസ്റ്റ് 31ന് ശ്രീലങ്കക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്നുവരെ ഒറ്റ നോ ബോള്‍ പോലും എറിയാതെ 30,000+ പന്തുകള്‍ അഥവാ 5,000+ ഓവറുകള്‍ തികച്ചു എന്നത് അവിശ്വസനീയമായ ഒരു നേട്ടം തന്നെയാണ്.
തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടാനും ലിയോണിന് സാധിച്ചിരുന്നു. കുമാര്‍ സംഗക്കാരയായിരുന്നു ലിയോണിന്റെ ആദ്യ ഇര. ആ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
2011 മുതലിങ്ങേട്ട് 116 ടെസ്റ്റ് മത്സരങ്ങളാണ് ലിയോണ്‍ ഓസീസിനായി കളിച്ചത്. കഴിഞ്ഞ മത്സരത്തിലേതടക്കം ടെസ്റ്റില്‍ ആകെ എറിഞ്ഞത് 30,064 ഡെലിവെറികള്‍. കരിയറില്‍ ആകെ എറിഞ്ഞത് 987 മെയ്ഡന്‍ ഓവറുകള്‍.
461 വിക്കറ്റുകളാണ് ടെസ്റ്റില്‍ ലിയോണ്‍ ഇതിനോടകം സ്വന്തമാക്കിയത്. 50റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. 2.93 എന്ന എക്കോണമിയും 31.9 എന്ന സ്‌കോറിന്റെ ആവറേജുമാണ് ടെസ്റ്റില്‍ ലിയോണിനുള്ളത്.
21 തവണയാണ് ലിയോണ്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. നാല് വിക്കറ്റ് നേട്ടം 19 തവണയും.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം മത്സരത്തില്‍ തങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവാണ് ആരാധകര്‍ ഒരുപോലെ ആഗ്രഹിക്കുന്നത്. നാഗ്പൂരിലേറ്റ ഇന്നിങ്‌സ് തോല്‍വിയുടെ അപമാനഭാരത്തില്‍ നിന്നും മടങ്ങിയെത്തുന്ന ഓസീസിനെയാണ് ആരാധകര്‍ക്ക് വേണ്ടതും.