| Sunday, 19th February 2023, 7:59 am

അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ മുറിവില്‍ മുളക് തേച്ച് നഥാന്‍ ലിയോണ്‍; അപൂര്‍വ നേട്ടവുമായി കങ്കാരു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മേല്‍ക്കൈ നേടി ഓസ്‌ട്രേലിയ. ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സ് പടുത്തുയര്‍ത്തുകയും ഇന്ത്യയെ ലീഡെഡുക്കാതെ പിടിച്ചുകെട്ടിയുമാണ് ഓസ്‌ട്രേലിയ ദല്‍ഹിയില്‍ തിളങ്ങിയത്.

263 റണ്‍സ് മറികടക്കാന്‍ ഒരുങ്ങിയെത്തിയ ഇന്ത്യക്ക് 262 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ലോവര്‍ ഓര്‍ഡറില്‍ അക്‌സര്‍ പട്ടേലിന്റെ അസാമാന്യ പ്രകടനമാണ് വമ്പന്‍ ലീഡ് പ്രതീക്ഷിച്ചിറങ്ങിയ ഓസീസ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്.

നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ കറക്കി വീഴ്ത്തിയത് ടോഡ് മര്‍ഫിയെന്ന അരങ്ങേറ്റക്കാരനായിരുന്നുവെങ്കില്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആ ചുമതലയേറ്റെടുത്തത് അവന്റെ മെന്ററായ നഥാന്‍ ലിയോണാണ്. വിരാട് കോഹ്‌ലിയുടെ എക്കാലത്തേയും പേടിസ്വപ്‌നം എന്ന് വിശേഷിപ്പിക്കപ്പെട്ട ലിയോണ്‍ ഇന്ത്യയുടെ തന്നെ നൈറ്റ്‌മെയറായി മാറുകയായിരുന്നു.

വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ വീഴ്ത്തിയായിരുന്നു ലിയോണ്‍ തുടങ്ങിയത്. 44 പന്തില്‍ നിന്നും 17 റണ്‍സുമായി നില്‍ക്കവെ രാഹുലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് നഥാന്‍ ലിയോണ്‍ മടക്കിയയച്ചത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 20ാം ഓവറില്‍ നഥാന്‍ ലിയോണ്‍ ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പിച്ചു. രണ്ട് മുന്‍നിര ബാറ്റര്‍മാരെ ഒറ്റ ഓവറില്‍ പുറത്താക്കിയാണ് ലിയോണ്‍ വീണ്ടും ഇന്ത്യക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്.

20ാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ ലിയോണ്‍ തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ ചേതേശ്വര്‍ പൂജാരയെ പൂജ്യത്തിന് പുറത്താക്കി.

ഇതിന് പിന്നാലെ ശ്രേയസ് അയ്യരെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ കൈകളിലെത്തിച്ച മടക്കിയ ലിയോണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എസ്. ഭരത്തിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 29 ഓവര്‍ പന്തെറിഞ്ഞ് 67 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡും ലിയോണിനെ തേടിയെത്തിയിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നൂറ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം എന്ന റെക്കോഡാണ് ലിയോണ്‍ സ്വന്തമാക്കിയത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നൂറ് വിക്കറ്റ് നേടുന്ന മൂന്നാമത് മാത്രം താരം എന്ന റെക്കോഡും ലിയോണിനെ തേടിയെത്തി. നേരത്തെ ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെ, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ എന്നിവരായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 61 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ആറ് റണ്‍സ് നേടി പുറത്തായ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. ജഡേജയാണ് വിക്കറ്റ് നേടിയത്.

രണ്ടാം വിക്കറ്റില്‍ ട്രാവിസ് ഹെഡും മാര്‍നസ് ലബുഷാനുമാണ് ഓസീസിനായി സ്‌കോര്‍ ഉയര്‍ത്തുന്നത്. ഹെഡ് 40 പന്തില്‍ നിന്നും 39 റണ്‍സും ലൂഷാന്‍ 19 പന്തില്‍ നിന്നും 16 റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്.

Content Highlight: Nathan Lyon becomes the first Australian bowler to pick 100 wickets in Border – Gavaskar Trophy

We use cookies to give you the best possible experience. Learn more