| Sunday, 2nd July 2023, 8:38 am

രണ്ട് ദിവസം ക്രച്ചസില്‍ ഊന്നി നടന്നവന്‍ ടീമിന് വേണ്ടപ്പോള്‍ ക്രീസിലേക്ക്; ചത്താലും തോല്‍ക്കില്ലെന്ന ആറ്റിറ്റ്യൂഡിന് കയ്യടിച്ച് എതിരാളികളും

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ നാലാം ദിവസം ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടിയേറ്റുവാങ്ങിയാണ് ഓസീസ് സൂപ്പര്‍ താരം നഥാന്‍ ലയണ്‍ ക്രീസിലേക്ക് നടന്നടുത്തത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിനിടെ പരിക്കേറ്റ് പുറത്താകേണ്ടി വന്ന താരം നാലാം ദിവസം പരിക്കേറ്റ കാലുമായി വീണ്ടും ക്രീസിലേക്കെത്തുകയായിരുന്നു.

ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഫീല്‍ഡിങ്ങിനിടെയായിരുന്നു ലയണിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 182ല്‍ നില്‍ക്കുമ്പോഴാണ് ലയണിന് കാലിന് പരിക്കേല്‍ക്കുന്നത് (Calf Injury). ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ ഹുക്ക് ഷോട്ട് ഡീപ് സ്‌ക്വയര്‍ ലെഗിന് സമീപം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച ലയണിന് പിഴക്കുകയായിരുന്നു.

പരിക്കിന് പിന്നാലെ വേദനകൊണ്ട് പുളഞ്ഞ താരം കളം വിടുകയും പകരക്കാരനായി മാറ്റ് റെന്‍ഷോ ഫീല്‍ഡ് ചെയ്യാനുമിറങ്ങിയിരുന്നു.

പരിക്കിന് പിന്നാലെ ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ലയണിന്റെ ചിത്രം വൈറലായിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ അവസാന ബാറ്ററായി ലയണ്‍ ക്രീസിലേക്ക് നടന്നടുത്തപ്പോള്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒത്തുകൂടി ആരാധകര്‍ മാത്രമായിരുന്നില്ല, ക്രിക്കറ്റ് ലോകമൊന്നാകെ അവന് വേണ്ടി കയ്യടിച്ചിരുന്നു.

13 പന്ത് നേരിട്ട് നാല് റണ്‍സ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് ലയണ്‍ തന്റെ വിക്കറ്റ് ബ്രോഡിന് സമ്മാനിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ 279 റണ്‍സ് നേടിയ ഓസീസ് 371 റണ്‍സിന്റെ വിജയലക്ഷ്യമാണ് ത്രീ ലയണ്‍സിന് മുമ്പില്‍ വെച്ചത്. ഉസ്മാന്‍ ഖവാജയുടെ അര്‍ധ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് തുണയായത്. 187 പന്തില്‍ നിന്നും 12 ബൗണ്ടറിയുടെ അകമ്പടിയോടെ 77 റണ്‍സാണ് താരം നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ടങ്ക്, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജിമ്മി ആന്‍ഡേഴ്‌സണും ബെന്‍ സ്‌റ്റോക്‌സുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചിരുന്നു. സാക്ക് ക്രോളി, ഒലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരെ ഒറ്റയക്കത്തിന് നഷ്ടമായ ഇംഗ്ലണ്ടിന് ജോ റൂട്ടിനെ 18 റണ്‍സിനും നഷ്ടമായിരുന്നു.

നിലവില്‍ നാലാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. അഞ്ചാം ദിവസം ഇംഗ്ലണ്ടിന് വിജയിക്കാന്‍ 257 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം.

Content Highlight: Nathan Lyon batting with an injured leg

We use cookies to give you the best possible experience. Learn more