| Monday, 2nd December 2024, 1:11 pm

അഡ്‌ലെയ്ഡില്‍ കോഹ്‌ലിക്ക് പൂട്ടിടാന്‍ ഇവന് സാധിക്കുമോ? ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവനെ നോട്ടമിട്ട് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

പെര്‍ത്തിലേറ്റ 295 റണ്‍സിന്റെ തോല്‍വിയുടെ ഭാരത്തില്‍ ഇന്ത്യയെ അഡ്‌ലെയ്ഡില്‍ നേരിടാന്‍ ഒരുങ്ങുകയാണ് കങ്കാരുപ്പട. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി തിരിച്ചുവരവ് നടത്തിയ വിരാട് കോഹ്‌ലി അഡ്‌ലെയ്ഡിലും അതേ ഫോം തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അഡ്‌ലെയ്ഡില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിസിറ്റിങ് ബാറ്റര്‍മാരില്‍ നാലാം സ്ഥാനത്താണ് നിലവില്‍ വിരാട്. കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയാണ് ലിസ്റ്റില്‍ ഒന്നാമത്. 610 റണ്‍സാണ് ലാറ അഡ്‌ലെയ്ഡ് ഓവലില്‍ നിന്ന് സ്വന്തമാക്കിയത്. 509 റണ്‍സാണ് വിരാടിനുള്ളത്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും 102 റണ്‍സ് നേടിയാല്‍ കോഹ്‌ലിക്ക് ചരിത്രം സൃഷ്ടിക്കാം.

അഡ്‌ലെയ്ഡില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിസിറ്റിങ് ബാറ്റര്‍മാര്‍ (താരം, ടീം, ഇന്നിങ്‌സ്, റണ്‍സ്)

ബ്രയാന്‍ ലാറ, വെസ്റ്റ് ഇന്‍ഡീസ്, എട്ട്, 610

ജാക്ക് ഹോബ്‌സ്, ഇംഗ്ലണ്ട്, 10, 601

വിവ് റിച്ചാര്‍ഡ്‌സ്, വെസ്റ്റ് ഇന്‍ഡീസ്, 10, 552

വിരാട് കോഹ്‌ലി, ഇന്ത്യ, എട്ട്, 509

വാലി ഹാമണ്ട്, ഇംഗ്ലണ്ട്, എട്ട്, 482

എന്നാല്‍ വിരാടിനെയും മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരെയും തളക്കാന്‍ കെല്പുള്ള വജ്രായുധം കങ്കാരുക്കളുടെ കൈയിലുമുണ്ട്. അഡ്‌ലെയ്ഡില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ബൗളര്‍ നഥാന്‍ ലിയോണിനെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഭയക്കേണ്ടത്. 63 വിക്കറ്റാണ് ഈ വലംകൈയന്‍ ഓഫ് ബ്രേക്ക് ബൗളര്‍ അഡ്‌ലെയ്ഡില്‍ നിന്ന് സ്വന്തമാക്കിയത്. ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഓസീസ് തീയുണ്ടയായ മിച്ചല്‍ സ്റ്റാര്‍ക്കാണ് ലിയോണ് പിന്നിലുള്ളത്.

അഡ്‌ലെയ്ഡില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍മാര്‍

നഥാന്‍ ലിയോണ്‍ – 63

ഷെയ്ന്‍ വോണ്‍- 56

മിച്ചല്‍ സ്റ്റാര്‍ക്ക്- 47

ഗ്ലെന്‍ മക്ഗ്രാത്ത്- 46

ആദ്യ ടെസ്റ്റിലേറ്റ നാണക്കേട് മാറ്റാന്‍ ഓസീസും വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യയും ഇറങ്ങുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിലും വിജയിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് കൂടുതല്‍ ശക്തമായി ഉറപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Content Highlight: Nathan Lyon and Virat Kohli’s form is the main attraction for Adelaide test in Border Gavaskar Trophy

We use cookies to give you the best possible experience. Learn more