| Monday, 19th August 2024, 11:16 am

വിരാടോ രോഹിത്തോ അല്ല, അവനാണ് ഏറ്റവും വലിയ വെല്ലുവിളി, അവന്‍ അത്ഭുതപ്പെടുത്തി; ബി.ജി.ടിക്ക് മുമ്പ് നഥാന്‍ ലിയോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നായ ഇന്ത്യ – ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ പുതിയ എഡിഷന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്.

ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുമ്പോള്‍ പമ്പരയില്‍ നഷ്ടമായ ആധിപത്യം തിരിച്ചുപിടിക്കാനാണ് കങ്കാരുക്കള്‍ ശ്രമിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യ – ഓസ്‌ട്രേലിയ ബൈലാറ്ററല്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം നഥാന്‍ ലിയോണ്‍. ഈ പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ഏറ്റവുമധികം വെല്ലുവിളിയാകുന്ന താരത്തെ കുറിച്ചും ലിയോണ്‍ സംസാരിച്ചു.

യുവതാരം യശസ്വി ജെയ്‌സ്വാള്‍ തങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ലിയോണ്‍ വിശ്വസിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ജെയ്‌സ്വാള്‍ പുറത്തെടുത്തതെന്നും ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ലിയോണ്‍ പറഞ്ഞു.

‘അവനെതിരെ (ജെയ്‌സ്വാള്‍) ഇതുവരെ പന്തെറിയാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. ഞങ്ങള്‍ ബൗളര്‍മാര്‍ക്ക് വളരെ വലിയ വെല്ലുവിളിയായിരിക്കും. ഇംഗ്ലണ്ടിനെതിരെ അവന്‍ കളിച്ച രീതി, അത് ഞാന്‍ സസൂക്ഷ്മം നോക്കിക്കണ്ടിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി.

ഓരോ ബൗളര്‍മാര്‍ക്കെതിരെയും അവന്‍ വ്യത്യസ്ത രീതിയിലാണ് കളിക്കുന്നത് എന്നെല്ലാം ടോം ഹാര്‍ട്‌ലിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ഇത് വളരെ രസകരമായി തോന്നി.

എനിക്ക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നത് വളരെയധികം ഇഷ്ടമാണ്. (അവനെതിരെ) ടെസ്റ്റ് കളിച്ച ഒരാളോട് സംസാരിക്കുമ്പോള്‍ എനിക്ക് അറിയാത്ത ചില കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും,’ ലിയോണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ജെയ്‌സ്വാള്‍ ഷോയില്‍ ബാസ്‌ബോള്‍ ക്രിക്കറ്റ് പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 89 ശരാശരിയില്‍ 712 റണ്‍സാണ് താരം നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ഇന്ത്യ – ഓസ്‌ട്രേലിയ പര്യടനത്തിലും ജെയ്‌സ്വാള്‍ തന്നെയായിരിക്കും ഇന്ത്യയുടെ തുറുപ്പുചീട്ട്.

ഇത്തവണ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നത്. 2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.

ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

2016-17 സീസണ്‍ മുതല്‍ ഇന്ത്യയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികള്‍. ഓസ്ട്രേലിയുടെ ഇന്ത്യന്‍ പര്യടനമായാലും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനമായാലും കഴിഞ്ഞ നാല് തവണയും കങ്കാരുക്കള്‍ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചിരുന്നു. ഓസീസിനെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര വിജയമാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.

കാലങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

നാലാം ടെസ്റ്റ് / ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: Nathan Lyon about Yashasvi Jaiswal

We use cookies to give you the best possible experience. Learn more