ഇപ്പോഴും ആ താരത്തിന്റെ നിഴലില്‍, ഏഴ് വര്‍ഷത്തിന് ശേഷമാണ് ആ നിഴലിന്റെ സമ്മര്‍ദം പ്രിവിലേജാണെന്ന് മനസിലായത്: നഥാന്‍ ലിയോണ്‍
Sports News
ഇപ്പോഴും ആ താരത്തിന്റെ നിഴലില്‍, ഏഴ് വര്‍ഷത്തിന് ശേഷമാണ് ആ നിഴലിന്റെ സമ്മര്‍ദം പ്രിവിലേജാണെന്ന് മനസിലായത്: നഥാന്‍ ലിയോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 1:00 pm

ഓസ്‌ട്രേലിയ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരില്‍ പ്രധാനിയാണ് നഥാന്‍ ലിയോണ്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഷെയ്ന്‍ വോണിന് ശേഷം ഏറ്റവുമധികം വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ സ്പിന്നറാണ് ലിയോണ്‍.

ആക്ടീവ് ക്രിക്കറ്റര്‍മാരിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ലിയോണിനെ ഷെയ്ന്‍ വോണിന്റെ പിന്‍ഗാമിയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ആ വിശേഷണത്തോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയ ലിയോണ്‍ വോണിന്റെ ലെഗസി കാക്കുകയും ചെയ്തു.

വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലിയോണ്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ഫൈഫര്‍ നേടിയ താരം തുടര്‍ന്നങ്ങോട്ട് കങ്കാരുക്കളുടെ ടെസ്റ്റ് സ്‌ക്വാഡിലെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.

 

ഇപ്പോഴും താന്‍ ഷെയ്ന്‍ വോണിന്റെ നിഴലിലാണെന്ന് പറയുകയാണ് ലിയോണ്‍. അത് പലപ്പോഴും സമ്മര്‍ദമായി തോന്നിയിരുന്നെങ്കിലും ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് ആ സമ്മര്‍ദം ഒരു പ്രിവിലേജാണെന്ന് മനസിലായതെന്നും ലിയോണ്‍ പറയുന്നു.

‘ഞാനിപ്പോഴും ഷെയ്ന്‍ വോണിന്റെ നിഴലില്‍ തന്നെയാണ് ജീവിക്കുന്നത്. ഞാന്‍ അതില്‍ ഏറെ സന്തുഷ്ടനാണ്. അതിലെനിക്ക് ഏറെ ആശ്വാസവുമുണ്ട്.

ഞാനടക്കം നിരവധി പേര്‍ക്ക് ഷെയ്ന്‍ വോണിന്റെ ആ നിഴല്‍ സമ്മര്‍ദമായി തോന്നിയിരുന്നു. എന്നാല്‍ ആ സമ്മര്‍ദം ഒരു പ്രിവിലേജാണെന്ന് എനിക്ക് മനസിലാക്കാന്‍ ആറേഴ് വര്‍ഷങ്ങള്‍ വേണ്ടി വന്നു. സമ്മര്‍ദത്തിലാണെങ്കിലും നിങ്ങള്‍ ഓക്കെയാണെന്നേ തോന്നൂ,’ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലിയോണ്‍ പറഞ്ഞു.

ഷെയ്ന്‍ വോണ്‍ സ്വന്തമാക്കിയ നേട്ടങ്ങളൊന്നും തന്നെ തനിക്ക് സ്വന്തമാക്കാന്‍ സാധിക്കില്ലെന്നും ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

‘ഷെയ്ന്‍ വോണ്‍ നേടിയെതൊന്നും ഞാനൊരിക്കലും സ്വന്തമാക്കാന്‍ പോകുന്നില്ല. അദ്ദേഹം വണ്‍സ് ഇന്‍ എ ജനറേഷന്‍ ബൗളറാണ്. എന്റെ അഭിപ്രായത്തില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരവുമാണ്. എന്റെ കുടുംബത്തിനും ഷെയ്ന്‍ വോണിനും അഭിമാനിക്കാനുള്ള വക നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ലിയോണ്‍ പറഞ്ഞു.

ടെസ്റ്റ് ചരിത്രത്തിലെ മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളറാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് വോണിന്റെ സ്ഥാനം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 708 വിക്കറ്റ് നേടിയ സ്പിന്‍ മാന്ത്രികന്‍ അന്താരാഷ്ട്ര തലത്തില്‍ 1001 വിക്കറ്റും നേടിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തില്‍ 1000 വിക്കറ്റ് നേടിയ രണ്ട് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വോണ്‍.

36കാരനായ ലിയോണിന് ഷെയ്ന്‍ വോണിന്റെ റെക്കോഡിനൊപ്പമെത്തണമെങ്കില്‍ ഇനിയും 178 വിക്കറ്റുകള്‍ കൂടി നേടണം. ഇത് ഒരുപക്ഷേ അദ്ദേഹത്തിന് എത്തിപ്പിടിക്കാവുന്നതിനെക്കാള്‍ ദൂരെയാണ്.

എന്നാല്‍ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ലിയോണിന് സാധിക്കും. ഇതിന് 33 വിക്കറ്റുകളാണ് താരത്തിന് വേണ്ടത്. നിലവില്‍ ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ രണ്ടാമന്‍. 560 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

 

 

Content Highlight: Nathan Lyon about Shane Warne