Advertisement
Sports News
ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകള്‍; ഇന്ത്യയുടെ തേര്‍വാഴ്ച അവസാനിപ്പിക്കാനുള്ള വഴി പറഞ്ഞ് നഥാന്‍ ലിയോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 12, 12:18 pm
Thursday, 12th September 2024, 5:48 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ഇത്തവണ ഓസ്‌ട്രേലിയയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് റൈവല്‍റികള്‍ക്കൊന്നിന് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുക.

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരക്ക് മുമ്പ് ഇന്ത്യ സ്വന്തം മണ്ണില്‍ രണ്ട് ടെസ്റ്റ് പരമ്പര കളിക്കും. ബംഗ്ലാദേശും ന്യൂസിലാന്‍ഡുമാണ് ഇന്ത്യയിലെത്തി പരമ്പര കളിക്കുക.

ഇപ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തങ്ങളുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ഓസീസ് സൂപ്പര്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നത് മൂന്ന് പ്രധാന താരങ്ങളുടെ പ്രകടനമായിരിക്കുമെന്നാണ് ലിയോണ്‍ അഭിപ്രായപ്പെടുന്നത്.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, റിഷബ് പന്ത് എന്നിവരുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമാകുമെന്നും എന്നാല്‍ മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പം വേറെയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, റിഷബ് പന്ത്. ഈ മൂന്ന് പേരുമായിരിക്കും മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക. പക്ഷേ അതിന് ശേഷം യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരുമെത്തും. അതിന് ശേഷം വരുന്ന അഞ്ച് പേര്‍ ആരൊക്കെയാകും എന്നെനിക്ക് വ്യക്തമല്ല.

അവര്‍ക്ക് മികച്ച ലൈനപ്പ് തന്നെയാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ഇത് വളരെ വലിയ വെല്ലുവിളി തന്നെയാകും. ഒരു ബൗളിങ് ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ അവരുടെ പ്രതിരോധത്തെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ലിയോണ്‍ പറഞ്ഞു.

നവംബര്‍ 22നാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ആരംഭിക്കുന്നത്. ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത് 2020-21ലാണ്. അന്ന് നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ വിജയിച്ചിരുന്നു.

ഇപ്പോള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണിലേക്കെത്തുന്നത്.

2016-17 മുതലിതുവരെ ഇന്ത്യ തന്നെയാണ് ബി.ജി.ടി സ്വന്തമാക്കുന്നത്. ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴും ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുമ്പോഴും കങ്കാരുക്കള്‍ തോല്‍വി രുചിച്ചിരുന്നു. കങ്കാരുക്കള്‍ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കാലങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നത്.

പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

 

Content Highlight: Nathan Lyon about Border-Gavaskar Trophy