| Saturday, 8th July 2023, 4:13 pm

തീയായി 'പഞ്ചാബ് ബൗളര്‍'; വെറും ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ്; സെമി ഫൈനലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ വോസ്റ്റര്‍ഷെയറിനെ തകര്‍ത്ത് സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ഹാംഷെയര്‍. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം നഥാന്‍ എല്ലിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഹാംഷെയര്‍ ഹോക്‌സ് അഞ്ച് വിക്കറ്റിന്റെ ഗംഭീര വിജയം കുറിച്ചത്.

2.5 ഓവറില്‍ വെറും ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ എല്ലിസാണ് വോസ്റ്റര്‍ഷെയറിനെ തകര്‍ത്തുവിട്ടത്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരം വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ഹോക്‌സിന് വേണ്ടിയും അത് ആവര്‍ത്തിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഹോക്‌സ് നായകന്‍ ജെയിംസ് വിന്‍സിന്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഹാംഷെയര്‍ പന്തെറിഞ്ഞത്. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ജാക് ഹെയ്ന്‍സിനെ പുറത്താക്കിയ ഹോക്‌സ് വോസ്റ്റര്‍ഷെയര്‍ സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ബ്രെറ്റ് ഡി ഓലിവേറിയയെയും പുറത്താക്കി. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറ് വിക്കറ്റുകളാണ് വോസ്റ്റര്‍ഷെയറിന് നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ ബെന്‍ കോക്‌സിനെയാണ് ആറാം വിക്കറ്റായി ഹാംഷെയറിന് നഷ്ടമായത്.

എന്നാല്‍ ഏഴാം വിക്കറ്റില്‍ എഡ് പൊള്ളോക്കും ഒസാമ മിറുമാണ് വെസ്റ്റര്‍ഷെയറിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 29ല്‍ നില്‍ക്കവെ ക്രീസിലെത്തിയ ഈ കൂട്ടുകെട്ട് പിരിയുന്നത് 99ലാണ്. ഒസാമയെ മടക്കി ബെന്നി ഹൗവലാണ് കൂട്ടുകെട്ട് തകര്‍ത്തത്.

ശേഷം ഒറ്റ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ വോസ്റ്റര്‍ഷെറിന്റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. ഈ മൂന്ന് വിക്കറ്റിന്റെയും അവകാശി എല്ലിസായിരുന്നു. ഇതിന് പുറമെ ബെന്‍ കോക്‌സിനെയാണ് താരം മടക്കിയത്.

കോക്‌സിനെ ജെയിംസ് ഫുള്ളറിന്റെ കൈകളിലെത്തിച്ച് മടക്കിയപ്പോള്‍ ഡില്ലണ്‍ പെന്നിങ്ടണെ ജോ വെതര്‍ലിയുടെ കൈകളിലെത്തിച്ചും എല്ലിസ് മടക്കി. പത്താമന്‍ ആദം ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി പറഞ്ഞയച്ചപ്പോള്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പാറ്റ് ബ്രൗണിന്റെ മടക്കം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാംഷെയര്‍ അഞ്ച് വിക്കറ്റും 27 പന്തും ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ജോ പെസ്റ്റിന്റെയും ജോ വെതര്‍ലിയുടെയും ഇന്നിങ്‌സാണ് ഹാംഷെയര്‍ ഹോക്‌സിന് അനായാസ ജയം സമ്മാനിച്ചത്.

Content Highlight: Nathan Ellis picks 4 wickets against Worcestershire

We use cookies to give you the best possible experience. Learn more